കൊച്ചി: സി.കെ.വിനീത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന വാര്‍ത്തകള്‍ക്കിടെ ആരാധകര്‍ക്ക് ആശ്വാസമായിതാ ഒരു സന്തോഷ വാര്‍ത്ത. ആരൊക്കെ എവിടെ പോയാലും യുവ താരം ലാല്‍രുത്താര ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ഗോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 വരെ രുത്താരയുമായുള്ള കരാര്‍ നീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സെന്റര്‍ ബാക്ക്, ലെഫ്-റൈറ്റ് ബാക്ക് പൊസിഷനുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനാണ് താരം. 17 മൽസരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് ആകെ നഷ്ടമായത് ഒരു കളി മാത്രമാണ്.

ഈ സ്ഥിരതയാണ് താരവുമായുള്ള കരാര്‍ നീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഫിറ്റ്‌നസും ഈ 23 കാരന് അനുകൂലമാണ്. താരത്തെ സ്വന്തമാക്കാന്‍ ആറ് ഐഎസ്എല്‍ ടീമുകള്‍ ശ്രമിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സ് രുത്താരയെ വിടാതെ പിടിമുറുക്കിയത്.

നേരത്തെ സി.കെ.വിനീത് ക്ലബ്ബുമായി പിരിയുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സീസണിലെ മോശം പ്രകടനമാണ് കാരണം. വിനീതും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റും തമ്മില്‍ ഇതില്‍ ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ജാക്കിചന്ദും മിലന്‍ സിങ്ങും ടീം വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ