കൊച്ചി: കേരള ഫുട്ബാൾ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി . 12വയസിൽ താഴെയുള്ള കുട്ടികൾക്കായി ‘കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ്’ എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെന്റർ കൊച്ചിയിൽ തുടങ്ങും. നോർത്ത് കളമശേരിയിലെ, പാർക്ക്‌ വേയിൽ നവംബർ 17നാണ് ആദ്യ ട്രെയിനിങ് സെന്റർ ആരംഭിക്കുന്നത്.

ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം. കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയിൽ മികവുറ്റ പരിശീലനം നൽകികൊണ്ട് കുട്ടികളെ അന്താരാഷ്ട്ര ഫുട്ബോൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളിലുള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യംങ് ബ്ലാസ്റ്റേഴ്‌സ് അടിസ്ഥാനമാക്കുന്നത്.

കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്റർ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവർത്തിക്കുക.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‍കൂളുകളുമായി ചേർന്നാണ് കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർക്ക് സ്കൂളുകൾ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നൽകും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്‌സി യങ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകും. കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സെന്ററുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികൾ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററുകൾ.

“ഒരു ക്ലബ് എന്ന നിലയിൽ കേരളത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് ഞങ്ങളുടെ പ്രധാന തത്ത്വചിന്ത. ഈ വർഷം ഐ‌എസ്‌എല്ലിൽ ആദ്യമായി ആറ് പ്രാദേശിക കളിക്കാരെ ഒരുമിച്ച് കളികളത്തിൽ ഇറക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിൽ ഫുട്‌ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കെ‌ബി‌എഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഭാവിയിൽ ഇത്തരം നിരവധി പ്രതിഭകൾക്ക് വഴിയൊരുക്കും.” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook