കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും ആരാധകരോട് വളരെയധികം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാൾ എന്ന വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തിൽ സൗകര്യങ്ങളുള്ള മൈതാനങ്ങൾ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുമുള്ള പരിശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

Also Read: കലൂര്‍ സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് വേദിയാക്കണമെന്ന ആവശ്യവുമായി കെസിഎ

കൂടാതെ കേരളത്തിൽ വളർന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ ‘പ്രൊഫെഷണൽ ഫുട്ബോളർമാരായി’ വളർത്തിയെടുക്കുവാനും, അവരെ രാജ്യാന്തര മത്സരങ്ങളിൽ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാൻ കഴിവുറ്റവരാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ ഫുട്ബോൾ യശസ്സ് ലോകനിലവാരത്തിൽ ഉയർത്തുന്നതിനും ബ്ലാസ്റ്റേഴ്‌സ് പരിശ്രമിക്കും.

കേരളത്തിലെ ഒരു ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരിൽ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ക്ലബ്ബ് വ്യക്തമാക്കി.

Also Read: ഫിഫ ലോകകപ്പ് യോഗ്യത: ഖത്തറിനെതിരായ ഇന്ത്യൻ പോരാട്ടം ഒക്ടോബറിൽ

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്തുമെന്നായിരുന്നു നേരത്തെ വാർത്തകൾ വന്നത്. കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മിൽ നേരത്തെ തന്നെ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നത് ഈ വാർത്തകൾക്ക് കൂടുതൽ വിശ്വാസ്യത നൽകുകയും ചെയ്തിരുന്നു.

അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റ് വേദി കൂടി ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഐഎസ്എൽ ടീമായ കേരള ബ്ലാസ്‌റ്റേഴ്സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കുന്ന എന്ന വാർത്തകൾക്ക് പിന്നാലെയാണ് ആവശ്യവുമായി വീണ്ടും കെസിഎ രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook