കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം ആഘോഷിക്കാൻ കഴിയാതെ വീണ്ടും ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരിനെതിരായ മത്സരവും സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ നേടി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിജയം മാത്രം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്നും അകന്നു നിന്നു.

ആരാധകർ അകന്നു നിന്ന ഗ്യാലറികളിലെ ഒഴിഞ്ഞ കസേരകൾ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വിങ്ങലിന് സാക്ഷിയായി. കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റിൽ എതിർ ബോക്സിലേക്ക് കിസിറ്റോ നടത്തിയ കുതിപ്പിനൊടുവിൽ പന്ത് ലഭിച്ചത് സഹലിന്. ഗോളിലേക്ക് സഹൽ തൊടുത്ത ഷോട്ട് പക്ഷെ ബാറിലിടിച്ച് പുറത്തേക്ക് പോയി. പിന്നീടും ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

രണ്ടാം പകുതിയിൽ വിജയം ദാഹിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ജംഷഡ്പൂർ ലീഡെടുത്തു. മത്സരത്തിന്റെ 66-ാം മിനിറ്റിൽ ടിം കാഹിലിനെ ഫൗൾ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായ പെനൽറ്റി. കിക്കെടുത്ത കാർലോസ് കാൾവോ പന്ത് വലയിൽ എത്തിച്ചു. ജംഷഡ്പൂർ മുന്നിൽ.

ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന്റെ മൂർച്ഛ കൂട്ടിയ ബ്ലാസ്റ്റേഴ്സ് ശ്രമം 77-ാം മിനിറ്റിൽ ഫലം കണ്ടു. ബ്ലാസ്റ്റേഴ് മുന്നേറ്റം ഗോളാക്കി മാറ്റി ഡങ്കൽ സമനില സമ്മാനിച്ചു. മത്സരം വരുതിയിലാ്ക്കാൻ വീണ്ടും ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയെങ്കിലും കളി ദൈവങ്ങൾ ഇന്നും കനിഞ്ഞില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook