കൊച്ചിയിൽ നടന്ന പ്രീസീസൻ മത്സരങ്ങൾക്ക് ശേഷം തായ്‌ലൻഡിലേക്ക് പറന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ​ഗംഭീര വിജയം. തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ബാങ്കോക് എഫ്സിയെ തകർത്തു. പക്ഷേ ജയത്തിൽ വലിയ കാര്യമില്ലെന്നാണ് ഫുട്ബോൾ പ്രേമികൾ പറയുന്നത്, കാരണം മറ്റൊന്നുമല്ല എതിരാളികൾ തന്നെ. തായ്‍ലൻഡ് ലീഗില്‍ മൂന്നാം ഡിവിഷനില്‍ മാത്രം കളിക്കുന്ന ടീമാണ് ബാങ്കോക് എഫ്സി.

ബ്ലാസ്റ്റേഴ്സിന്റെ ജയം മികച്ചതായിരുന്നോ എന്ന കാര്യത്തിൽ തന്നെ തർക്കമുണ്ട്. എതിരാളി ദുർബലായിരുന്നിട്ടുപോലും ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയത്. 17-ാം മിനിറ്റിൽ സെയ്മിൻലെൻ ഡെം​ഗൽ ബ്ലാസ്റ്റേഴിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോളിനായി എഴുപതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആരാധകരുടെ പ്രിയ ക്ലബ്ബിന്.

മലയാളി താരം സഹലാണ് മത്സരത്തിന്റെ 70-ാം മിനിറ്റിൽ ​ഗോൾ നേടിയത്. തുടർന്ന് പത്ത് മിനിറ്റിനിടെ രണ്ട് തവണ കൂടി മഞ്ഞപ്പട ലക്ഷ്യം കണ്ടു. 73-ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റൊജനോവിച്ചും 80-ാം മിനിറ്റിൽ ഷെയ്ബോർസാങ് ഖാർപനുമാണ് ബ്ലാസ്റ്റേഴിനായി ഗോൾനേടി. 83-ാം മിനിറ്റിൽ തീരാപാക് ടുൻബൂൺചുൻ തായ് ക്ലബിനായി ആശ്വാസ ​ഗോളും മടക്കി. കാര്യമൊക്കെ ശരിയാണെങ്കിലും വിജയം ആഘോഷിക്കാമോയെന്ന സന്ദേഹത്തിലാണ് ആരാധകർ.
.
ഇന്ത്യന്‍ സാഹചര്യങ്ങളുമായി താരതമ്യം ചെയ്താൽ ഐലീഗ് രണ്ടാം ഡിവിഷനിലും താഴേയുള്ള ടീമുകളുടെ അത്രമാത്രം ശക്തിയുള്ള ടീമാണ് ബാങ്കോക് എഫ്സി. 1999ല്‍ ക്ലബ് രൂപീകരിക്കപ്പെടുന്നത്. രണ്ട് പതിറ്റാണ്ടുകൾ കളിച്ചിട്ടും ഒരിക്കല്‍ പോലും തായ്‌ലന്‍ഡിലെ ഒന്നാം ലീഗായ തായ് ലീഗ് വണ്ണിലേക്ക് യോഗ്യത നേടാന്‍ അവര്‍ക്കായിട്ടില്ല. 2010ല്‍ രണ്ടാം ഡിവിഷന്നിൽ ഒന്നാമതെത്തിയത് മാത്രമാണ് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂന്നാം ഡിവിഷനിലെ സ്ഥിരസാന്നിധ്യമാണ് അവർ. അവിടെയും മോശം പ്രകടനമാണ് ടീമിന്റേത്.

ഇത്രമാത്രം ദുര്‍ബലമായൊരു ടീമിനെതിരേ കളിക്കുന്നതു കൊണ്ട് ടീമിന് ഒരു മത്സരം ലഭിക്കുമെന്നതില്‍ കവിഞ്ഞ് കൂടുതല്‍ പ്രയോജനമൊന്നും ലഭിക്കില്ല. ഐലീഗ് ക്ലബുകളുമായി കളിച്ചാല്‍ ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ പ്രയോജനം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേനെയെന്ന വിലയിരുത്തലാണ് പല പ്രമുഖരും നടത്തുന്നത്. പല യൂറോപ്യന്‍ ക്ലബുകളും പ്രീസീസണിനായി തിരഞ്ഞെടുക്കുന്ന വേദിയാണ് മത്സരം നടന്ന ട്രൂ അരീന ഹുവാ ഹിന്‍. ലോകോത്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളിലൊന്നാണ് ഇത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ