ആദ്യ രാജ്യാന്തര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും സജീവമാവുകയാണ്. രണ്ടാം ഭാഗത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശനിയാഴ്ച ബെംഗളൂരു എഫ്സിയെ നേരിടും. ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന് ശേഷം നിറംമങ്ങിയ കേരള ബ്ലാസ്റ്റേഴ്സും അവസാന മത്സരത്തിൽ മാത്രം ജയം കണ്ടെത്തിയ ബെംഗളൂരുവും മികച്ച തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
എന്നാൽ പരുക്ക് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. സീസണിന് മുമ്പ് തന്നെ ആരംഭിച്ച പരുക്ക് ഇനിയും ടീമിനെ വിടാതെ പിന്തുടരുകയാണ്. പ്രതിരോധത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് അതിന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും. ജിങ്കന് പകരം സെൻട്രൽ ബാക്കിൽ കോട്ട കെട്ടിയ ജിയാനി സ്യൂവർലൂണും ജെയ്റോ റോഡ്രിഗസും ഇനിയും പരുക്കിൽ നിന്ന് മുക്തരായിട്ടില്ല. ജെയ്റോ റോഡ്രിഗസിന് സീസൺ തന്നെ നഷ്ടമായേക്കിമെന്ന തരത്തിലും വാർത്തകളുണ്ട്. എന്നാൽ ഉടൻ തന്നെ മടങ്ങിവരാമെന്ന പ്രതീക്ഷ താരം പങ്കുവയ്ക്കുന്നു.
മധ്യനിരയിലെ വലിയ പ്രതീക്ഷയായിരുന്ന മരിയോ ആർക്വസിന്റെ പരുക്കും ഭേദമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ സൂപ്പർ താരങ്ങളില്ലാതെയാകും ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിറങ്ങുക.
“ക്ലബ്ബെന്ന നിലയിൽ ഞങ്ങളേക്കൊണ്ട് ആകുന്നത് ഞങ്ങൾ ചെയ്യും. സീസൺ ആരംഭിക്കുന്നതിന് മുമ്പ് മികച്ച സ്ക്വഡ് എന്ന തരത്തിൽ വന്ന വാർത്തകൾ ഞാനൊർക്കുന്നു. എന്നാൽ ഇപ്പോൾ പ്രതിരോധത്തിലും മധ്യനിരയിലും ഒന്നിലധികം താരങ്ങൾ പരുക്കിന്റെ പിടിയിലാണ്. പരുക്ക് സംബന്ധിച്ച് കൂടുതൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും മികച്ച ഇലവനുമായി കളിക്കാൻ സാധിക്കില്ല. പരുക്കുണ്ടായാൽ പകരം കളിക്കാഞ വരും,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.