കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ പുതിയ ക്ലബുകളായ ബംഗളൂരു എഫ്‌സി, ടാറ്റ ഗ്രൂപ്പ് എന്നിവർ റാഞ്ചുമെന്ന ആശങ്കകൾക്കിടെ ആരാധകർക്ക് ആശ്വാസമായി പുതിയ വാർത്ത. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സ് നിരയിൽ നിറഞ്ഞു കളിച്ച ഹൊസു പ്രീറ്റോ കറിയാസ് ഐഎസ്‌എല്ലിനായി ഇന്ത്യയിലേക്ക് തിരിച്ച് വരുന്നുവെന്നാണ് പുതിയ വാർത്ത. താരം തന്നെയാണ് ഇതിന്റെ സൂചനകൾ നൽകിയത്.

ഹൊസുവിന് ഇത്തവണത്തെ ഐഎസ്എൽ നഷ്ടമാകും എന്ന ഒരു ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ച് വരുന്നതിന് ഒരു തടസവുമില്ലെന്ന് താരം വ്യക്തമാക്കിയത്. ‘ഞാൻ വരുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മാധ്യമങ്ങൾക്ക് ഒന്നുമറിയില്ല. ഒന്നാമത്തെ കാര്യം ഞാനിപ്പോൾ ഒരു സ്പാനിഷ് ടീമിലല്ല കളിക്കുന്നത്. രണ്ടാമത്തെ കാര്യം എനിക്ക് ഇന്ത്യയിലേക്ക് പോകാം. എന്റെ കരാർ അത് അനുവദിക്കുന്നുണ്ട്’. ഇതായിരുന്നു മൂന്ന് മറുപടി ട്വീറ്റിലൂടെ താരം വ്യക്തമാക്കിയത്.

ഇതോടെ കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ ഇത്തവണയും 24 കാരനായ സ്പാനിഷ് മധ്യനിര താരം ഉണ്ടാകുമെന്ന പ്രതീക്ഷകൾക്ക് ജീവൻ വെച്ചിരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സിനായി രണ്ട് സീസണുകളിലായി 25 കളികളിൽ പന്ത് തട്ടിയിട്ടുണ്ട് ഹൊസു. ഒരു ഗോളും ആറ് അസിസ്റ്റുകളുമുണ്ട് താരത്തിന്റെ പേരിൽ.

അതേസമയം, കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടനേയും കൊച്ചിയിലെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നും റിപ്പോർട്ടുകളുണ്ട്. ഇയാൻ ഹ്യൂമുമായി ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ സീസണിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ഹ്യൂം കഴിഞ്ഞ തവണ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കു വേണ്ടിയാണ് ബൂട്ടുകെട്ടിയത്. ആദ്യ സീസണിൽ കേരളത്തിന്റെ നെടുംതൂണായിരുന്ന ഹ്യൂമേട്ടനെ തിരിച്ചുകൊണ്ടു വരികയാണെങ്കിൽ ടീമിന്റെ ആരാധക പിന്തുണയും വർദ്ധിപ്പിക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ