കഴിഞ്ഞവര്‍ഷം നടന്ന അണ്ടര്‍ പതിനേഴ് ലോകകപ്പിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ ഗോള്‍ കീപ്പര്‍ ധീരജ് സിങ് ഇനി കേരളാ ബ്ലാസ്റ്റേ‌ഴ്‌സിന്റെ വലകാക്കും.

സ്കോട്ടിഷ് ക്ലബ്ബായ മദര്‍വെല്‍ എഫ്‌സിയടക്കമുള്ള വിദേശ ക്ലബ്ബുകളുടെ ഓഫറുകള്‍ക്കിടയിലാണ് ധീരജ് സിങ് ബ്ലാസ്റ്റേഴ്‌സ് പാളയത്തിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ബൗണ്‍മൗത്ത് എഫ്‌സിയിലെ പരിശീലനത്തിന് ശേഷമാണ് ധീരജ് കേരളത്തിലേക്ക് എത്തുക. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ്‌ ജെയിംസ് തന്നെയാണ് ബൗണ്‍മൗത്തില്‍ ധീരജിനുള്ള പരിശീലനം ഒരുക്കിയത്.

അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ കണ്ടെത്തലായാണ് ധീരജ് സിങ്ങിനെ കണക്കാക്കുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി കളി ആരംഭിച്ച ധീരജ് വിദേശ ഓഫര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇടയ്ക്ക് വച്ച് ക്ലബ് വിടുകയായിരുന്നു.

മണിപ്പൂര്‍ ലീഗില്‍ ബിസ്‌നാപുര്‍ ജില്ലയ്ക്ക് വേണ്ടി കളിച്ചാണ് ധീരജ് ഫുട്ബോളിലേക്ക് കടക്കുന്നത്. പതിനൊന്നാം വയസ്സില്‍ മണിപ്പൂര്‍ ജൂനിയര്‍ ടീമിലെത്തിയ ധീരജിനെ തേടി പിന്നീട് അക്കാദമിയിലേക്കുള്ള ക്ഷണവും വന്നു. പിന്നീട് ഇന്ത്യ അണ്ടര്‍ 14 ടീമിലും ഒടുവില്‍ ഇന്ത്യ അണ്ടര്‍ പതിനേഴ്‌ ടീമിലും തിരഞ്ഞെടുക്കപ്പെട്ടു. കൗമാരലോകകപ്പ് ഇന്ത്യയിലേക്ക് എത്തിയതോടെയാണ്‌ ഈ മണിപ്പൂരുകാരന്റെ തലവര മാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ