കൊച്ചി: ഈ സീസണ്‍ കൈ വിട്ടെങ്കിലും അടുത്ത സീസണില്‍ നില മെച്ചപ്പെടുത്താന്‍ ഉറപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനായി പുതിയ താരങ്ങളെ ടീമിലെടുക്കുന്നത് മാനേജുമെന്റ് തുടരുകയാണ്. ഡല്‍ഹി ഡൈനാമോസിന്റെ താരമായ സത്യസെന്‍ സിംഗിനെയാണ് ഏറ്റവും ഒടുവിലായി ടീമിലെത്തിച്ചിരിക്കുന്നത്. ഡൈനാമോസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് താരത്തെ മഞ്ഞപ്പടയിലെത്തിച്ചിരിക്കുന്നത്.

സൂപ്പര്‍ കപ്പിന് ടീമിനെ സജ്ജമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള കടമ്പ. അതിനാണ് പുതിയ താരങ്ങളെ പാളയത്തിലെത്തിക്കുന്നത്. ഈ സീസണില്‍ 18 കളികളില്‍ നിന്നും വെറും എട്ടെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ സാധിച്ചത്. ആറാമതായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്.

ഒരു ഗോളും മൂന്ന് അസിസ്റ്റുമായി ആ സീസണില്‍ ഡല്‍ഹിയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് സത്യസെന്‍ സിംഗ്. 11 കളികളില്‍ ടീമിനായി ബൂട്ടണിയുകയും ചെയ്തു. മണിപ്പൂരുകാരനായ താരം നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി അഞ്ച് മത്സരം കളിച്ചതിന്റെ അനുഭസമ്പത്തുമുണ്ട് താരത്തിന്.

ഈയ്യടുത്തായി ബ്ലാസ്റ്റേഴ്‌സ് കരാറിലൊപ്പിടുന്ന മൂന്നാമത്തെ താരമാണ് സത്യസെന്‍ സിംഗ്. ഡംഗലും ഹോളിചരന്‍ നാര്‍സാരിയുമായിരുന്നു നേരത്തെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലൊപ്പിട്ട താരങ്ങള്‍. സികെ വിനീതടക്കമുള്ള താരങ്ങള്‍ ടീം വിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ സൈനിംഗുകള്‍ എന്നതും ശ്രദ്ധേയമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ