കൊച്ചി : പ്രതിരോധത്തിലെ സൂപ്പര്‍താരം അനസ് ഇടത്തോടിക്കയെ കേരളാ ബ്ലാസ്റ്റേ‌ഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടി കളിച്ച മലപ്പുറംകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദേശീയ ടീമിലെയും സ്ഥിരം സെന്റര്‍ ബാക്കാണ്. കേരളാ ബ്ലാസ്റ്റേ‌ഴ്‌സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അനസിന്റെ വരവ് അറിയിച്ചത്.

അനസ് എത്തുന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാകും. നായകനും ദേശീയ ടീമിലെ പങ്കാളിയുമായ സന്ദേശ് ജിങ്കനുമൊത്ത് അനസ് തീര്‍ക്കുന്ന പ്രതിരോധം എത്ര വലിയ മുന്നേറ്റങ്ങളെയും തടുക്കാന്‍ പ്രാപ്തമാണ്. സ്വന്തം നാടിന്റെ ടീമായ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് അനസ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.

ജഷംഡ്പൂരിലെത്തും മുമ്പ് രണ്ട് സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു ഈ മലപ്പുറംകാരന്‍. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങിയ അനസ് 2007ല്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായിരുന്ന മുംബൈ എഫ്സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഐ ലീഗ് ഒന്നാം ഡിവിഷനിലേക്കുയര്‍ന്ന ക്ലബ്ബിന്റെ വിജയത്തില്‍ വലിയ പങ്കാണ് അനസ് വഹിച്ചത്. നീണ്ട അഞ്ച് വര്‍ഷം മുംബൈയില്‍ ചെലവിട്ട അനസ് അതിനോടകം ഏറെക്കാലം ക്ലബ് നായകനുമായിരുന്നു.

2011ല്‍ പൂനെ എഫ്സിയുമായി കരാറിലെത്തിയ അനസ് അഞ്ച് വര്‍ഷത്തോളം പൂനെയുടെ പ്രതിരോധം കാത്തു. 2015ല്‍ ഡല്‍ഹി ഡൈനാമോസിലൂടെയാണ് അനസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രവേശിക്കുന്നത്. ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന്റെ പ്രിയങ്കരനായി മാറിയ അനസിന് ഏറെ ശ്രദ്ധ ലഭിക്കുന്നത് ഐഎസ്എല്‍ പ്രവേശനത്തിന് ശേഷമാണ്.

ഡല്‍ഹി ഡൈനാമോസിലെ ഒരു സീസണ് ശേഷം ഐ ലീഗ് ക്ലബ്ബായ മോഹന്‍ ബാഗാനില്‍ ഒരു സീസണ്‍ ചെലവിട്ട അനസ് പിന്നീട് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്സിയുമായി കരാറിലെത്തി. പരുക്ക് കാരണം സീസണിലെ മത്സരങ്ങള്‍ പലതും നഷ്ടമായെങ്കിലും കളിക്കളത്തില്‍ അനാസ് ചെലുത്തുന്ന സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

ഏറെ കാത്തിരിപ്പിന് ശേഷമാണ് അനസ് കേരളാ ബ്ലാസ്റ്റേഴ്സുമായി ധാരണയിലെത്തുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌‍‌സ് വിട്ട മലയാളിത്താരം റിനോ ആന്റോ ഇന്നലെ ബെംഗളൂരു എഫ്‌സിയുമായി കരാറിലെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു മലയാളി താരം ബ്ലാസ്റ്റേഴ്‌സ് പാളയത്തിലേക്ക് എത്തുന്നത്.

Read More : ‘സ്വപ്‌നം സഫലമാകുന്നു’; അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്‌സില്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ