കൊച്ചി: ഡച്ച് താരം സിഫ്‌നിയോസ് ടീം വിട്ടതിന് പകരമായി ഐസ്‌ലന്റ് ദേശീയ ടീമംഗം ബ്ലാസ്റ്റേർസുമായി കരാർ ഒപ്പുവച്ചു. യൂറോപ്പ ലീഗിലടക്കം കളിച്ച് പരിചയമുളള 31 കാരനായ ഗുഡ്‌ജോൺ ബാൾഡ്‌വിൻസൺ ആണ് ബ്ലാസ്റ്റേർസ് നിരയിലെത്തുന്ന പുതിയ താരം.

സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരം ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുളള അറിയിപ്പ്. ലോണടിസ്ഥാനത്തിലാണ് താരത്തിനെ ബ്ലാസ്റ്റേർസ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പന്ത്രണ്ട് ഗോളുകൾ നേടിയ താരം യൂറോപ്പ ലീഗിലടക്കം ഐസ്‌ലന്റിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വരവോടെ ഗോൾ വേട്ടയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ബ്ലാസ്റ്റേർസിന്റെ പ്രതീക്ഷ. 21 കാരനായ സിഫ്നിയോസിന് പകരം ഏറെ അനുഭവസമ്പത്തും ഗോൾ റെക്കോഡുമുളള താരത്തെയാണ് കോച്ച് ഡേവിഡ് ജയിംസ് ടീമിലെത്തിച്ചിരിക്കുന്നത്.

പരിക്കേറ്റ കെസിറോൺ കിസിത്തോയ്ക്ക് പകരം മറ്റൊരു മധ്യനിര താരത്തെക്കൂടി ബ്ലാസ്റ്റേർസ് ടീമിലേക്ക് എത്തിക്കുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ