കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിനുള്ള സജീവമായ ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. കന്നി കിരീടമെന്ന വലിയ ലക്ഷ്യത്തിലെത്താൻ ഇത്തവണ ടീമിന് സാധിക്കുമെന്നാണ് കരുതുന്നത്. സന്ദേശ് ജിങ്കന്റെയും ഓഗബച്ചെയുടെയുമൊക്കെ അഭാവം ടീമിന് തിരിച്ചടിയാണെങ്കിലും കൂടുതൽ മികച്ച താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്ബ്. ഇതിന്റെ ഭാഗമായി നിരവധി താരങ്ങൾ ഇതിനോടകം തന്നെ മഞ്ഞപ്പടയുടെ ഭാഗമായി കഴിഞ്ഞു.

ഏറ്റവും ഒടുവിൽ ഗോൾകീപ്പർ പ്രഭ്‍‌സുഖാൻ സിങ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ ഭാവി വാഗ്ദാനം എന്നറിയപ്പെടുന്ന പ്രഭ്‍‌സുഖാൻ സിങ് രണ്ട് വർഷത്തേക്കാണ് ക്ലബ്ബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടിയിരുന്നു.

Also Read: ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്ര പ്ലെയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി മുപ്പതിലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പർ കെബിഎഫ്സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 184 സെന്റിമീറ്റർ ഉയരമുള്ള യുവ ഗോൾകീപ്പർ ഐ‌എസ്‌എല്ലിൽ തങ്ങളുടെ എതിരാളികളായ ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എത്തുന്നത്.

“ക്ലബ് മാനേജുമെന്റ് വളരെ ആത്മാർത്ഥമായാണ് എന്റെയും ടീമിന്റെയും ഭാവി പരിപാടികൾ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നൽകുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെത്തിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് എന്നാൽ കഴിയുന്നത് ഞാൻ നൽകുമെന്ന് ആരാധകരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ” പ്രഭ്‍‌സുഖാൻ ഗിൽ പറഞ്ഞു.

Also Read: അർജന്റീനിയൻ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ഫകുണ്ടോ എബെൽ ഇനി മഞ്ഞക്കുപ്പായത്തിൽ

“19 വയസുകാരനായ പ്രഭ്‍‌സുഖാൻ, ഈ പ്രായത്തിൽ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോൾകീപ്പറുമാണ്. കൈയും കാലും കൊണ്ട് ഒരേപോലെ ശ്രമങ്ങൾ നടത്താൻ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളർച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്, കൂടാതെ അദ്ദേഹം ടീമിൽ ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook