മഹാദുരന്തം വിതച്ച പ്രളയം കായിക മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സാണ് അവരുടെ പരിശീലന ക്യാമ്പ് മാറ്റാൻ നിർബന്ധിതരായിരിക്കുന്നത്. അഹമ്മദാബാദിലാകും ബ്ലാസ്റ്റേഴ്സ് പരിശീലന ക്യാമ്പ് നടക്കുക.

ഓഗസ്റ്റ് 20 മുതൽ കൊച്ചിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലനം തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടിൽ മഴ കനത്ത സാഹചര്യത്തില്‍ ടീം തീരുമാനം മാറ്റുകയായിരുന്നു. സുരക്ഷയും സാങ്കേതിക പ്രശ്നങ്ങളും മുൻനിർത്തിയാണ് ക്യാമ്പ് മാറ്റിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ മഴ കനത്തതോടെ നേരത്തെ വിജയവാഡയിൽ നിന്നും ത്രിരാഷ്ട്ര പരമ്പര ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എ ടീമുകള്‍ പങ്കെടുക്കുന്ന പരമ്പരയാണ് മാറ്റിയത്.

മുന്നൂറിലധികം പേരുടെ ജീവനെടുത്ത മഹാപ്രളയം കേരളത്തിൽ ഒരുപാട് നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കായികലോകത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ചെൽസി, ബാഴ്സലോണ, ലിവർപൂൾ ഉൾപ്പടെയുള്ള ലോകക്ലബ്ബുകൾ കേരളത്തിന് പിന്തുണയറിയിച്ച് മുന്നോട്ട് വന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബെംഗളൂരു എഫ്സി താരങ്ങളും ആരാധകരും കേരളത്തിലേക്ക് ദുരിതാശ്വാസ സഹായമയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook