കൊച്ചി : സികെ വിനീത്, റിനോ ആന്റോ, പ്രശാന്ത്, അജിത്‌ ശിവന്‍ എന്നിവര്‍ക്ക് പുറമെ മൂന്നു മലയാളി താരങ്ങള്‍കൂടി കേരളാബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതായി സ്ഥിരീകരണം.ജിഷ്ണു ബാലക്കൃഷ്ണന്‍, സഹല്‍ അബ്ദുല്‍ സമദ്, സുജിത് എംഎസ് എന്നിവരാണ് കേരളാബ്ലാസ്റ്റേഴ്സുമായി ധാരണയിലെത്തിയിരിക്കുന്നത്.

ഗോകുലം എഫ്സിയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് മലപ്പുറം സ്വദേശികളായ ജിഷ്ണുവും സുജിത്തും. മലപ്പുറം എന്‍എസ്എസ് കോളേജ് വിദ്യാര്‍ഥിയാണ് ജിഷ്ണു. ഗോകുലം എഫ്സിയുടെ ഗോള്‍കീപ്പറായ സുജിത് എംഎസ് ബ്ലാസ്റ്റേഴ്സിലെ നാലാമത്തെ ഗോള്‍കീപ്പറാവും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണ്‍ ഡല്‍ഹി ഡൈനാമോസിന്റെ അണ്ടര്‍ പത്തൊമ്പത് ടീമിന്‍റെ വലകാക്കുന്ന ചുമതല സുജിത്തിനായിരുന്നു.

ഗള്‍ഫ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എത്തിഹാദ് ഫുട്ബാള്‍ അക്കാദമിയുടെ കണ്ടെത്തലാണ് സഹല്‍ അബ്ദുല്‍ സമദ്. കണ്ണൂര്‍ രാമന്തളി സ്വദേശിയായ സമദ് കണ്ണൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ സന്തോഷ്‌ ട്രോഫിയുടെ അനുഭവവുമായാണ് സഹലും ജിഷ്ണുവും ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് എത്തുന്നത്. പ്രൊഫഷണല്‍ ഫുട്ബാളില്‍ അനുഭവസ്ഥരായ മൂന്നു അണ്ടര്‍ 22 താരങ്ങളെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ