ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മത്സരത്തിന് നാളെ ബ്ലാസ്റ്റേഴ്സിറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ.

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നാളെ ബൂട്ടുകെട്ടുക. മുംബൈയാകട്ടെ ജംഷഡ്പൂരിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടുമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വിജയം ആവർത്തിക്കാൻ കൊമ്പന്മാരും ലീഗിൽ തിരിച്ചുവരാൻ മുംബൈയും ശ്രമിക്കുമെന്നുറപ്പ്, അങ്ങനെയെങ്കിൽ ശക്തമായ മത്സരത്തിനാകും കൊച്ചി വേദിയാകുക.

എന്നാൽ അഞ്ചാം തീയതി മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. എങ്കിലും വാശിയേറിയ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ. സാധാരണ ഗതിയിൽ മത്സരം റദ്ദാക്കില്ലെങ്കിലും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നിർണ്ണായകമാകും.

യുവതാരങ്ങൾക്ക് അവസരം നൽകുന്ന ആദ്യ ഇലവനെ തന്നെയാകും കോച്ച് ഡേവിഡ് ജെയിംസ് കൊച്ചിയിലും ഇറക്കുക. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഹൽ അബ്ദുൾ സമദിന് ഇത്തവണയും ടീമിലിടം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ആദ്യ ഇലവൻ ഏതുതരത്തിലും ആകാമെന്നാണ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞത്.

ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും കേരളത്തിന് സമ്മർദ്ദമില്ലെന്നാണ് മുംബൈ കോച്ച് ജോർജ് കോസ്റ്റയുടെ പക്ഷം. “കേരളം ശക്തരായ ടീമാണ്. മികച്ച ഗ്രൗണ്ട് സപ്പോർട്ടുണ്ട്. എന്നാൽ നാളെ നടക്കുന്ന മത്സരം മുംബൈക്ക് വിജയിക്കാനാകും. മൂന്ന് പോയിന്റുകൾ നേടുകയും ചെയ്യും” മുംബൈ കോച്ച് ജോർജ് കോസ്റ്റ കൂട്ടിച്ചേർത്തു.

പ്രളയം ദുരിതം വിതച്ച കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച കടലിന്റെ മക്കൾക്ക് ആദരമൊരുക്കിയാകും കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഓരോ മത്സരത്തിനുമിറങ്ങുക. നാളെ കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളിറങ്ങുന്നത് പ്രത്യേക ജഴ്സിയുമണിഞ്ഞാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook