കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുതൽ കോഴിക്കോടും മത്സരങ്ങൾ സംഘടിപ്പിക്കും. നിലവിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന എന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങളിൽ വ്യക്തത വന്നിരിക്കുന്നത്.

കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പ്രദീപ് കുമാർ എം.എൽ.എ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രതിനിധികൾ എന്നിവർ ചേർന്ന് കോഴിക്കോട് നടത്തിയ യോഗത്തിലാണ് തീരുമാനമായത്. അതേസമയം പ്രീസീസൺ മത്സരങ്ങളും പരിശീലന മത്സരങ്ങളും മാത്രമായിരിക്കും ഇവിടെ നടക്കുക എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

Also Read: ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചു; യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്

കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മിൽ നേരത്തെ തന്നെ ആശയകുഴപ്പങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ സീസണിൽ ഇരുകൂട്ടരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കെഎഫ്എയുടെ നിസഹകരണവും ക്ലബ്ബ് കൊച്ചി വിട്ടേക്കുമെന്ന വാർത്തകൾ സജീവമാക്കി നിർത്തിയിരുന്നതാണ്.

അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനമെന്നും അറിയാൻ സാധിക്കുന്നു. ഇതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്ന് മാർഗനിർദേശങ്ങൾ സ്വീകരിക്കും. ഗ്രൗണ്ടിൽ നിലവിലുള്ള ഫ്ളഡ്ലൈറ്റ് അപ്ഡേഷൻ, ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈഫ് സ്ഥാപിക്കുക, ഗ്രൗണ്ടിൽ മഴവെള്ളം ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയായിരിക്കും നവീകരണ പ്രവർത്തനങ്ങൾ.

Also Read: സുനിൽ ഛേത്രിയുടെ സ്ഥാനത്തേക്ക് സഹലുമെത്തും; മലയാളി താരത്തെ പ്രശംസിച്ച് ബൂട്ടിയ

നിലവിൽ ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം. ക്ലബ്ബിന്റെ ഓഫീസ് അടക്കം പ്രവർത്തിക്കുന്നത് സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ ആയിരകണക്കിന് ആരാധകരാണ് ഗോകുലത്തിന്റെ മത്സരങ്ങൾ കാണാൻ എത്തുന്നത്. പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ എത്തുന്ന കാണികളേക്കാളും കൂടുതൽ ആളുകൾ കോഴിക്കോട് എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook