കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന ഹോം മത്സരത്തില്‍ സമനില കുരുക്കില്‍ കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന്‍ എഫ്സിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകള്‍ക്കും ഗോളുകള്‍ ഒന്നും നേടാനായില്ല.

ആദ്യ പകുതിയില്‍ മികച്ച ഒന്നിലധികം മുന്നേറ്റങ്ങള്‍ നടത്താന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി. സികെ വിനീതിന്‍റെ ഒരു മികച്ച ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ജെജെ തുടുത്ത ഷോട്ട് കേരളാ പോസ്റ്റ് താണ്ടിയത്. കേരളത്തിന് വേണ്ടി വിങ്ങര്‍ ജാക്കിചന്ദ് സിങ്ങും മികച്ചൊരു ഷോട്ട് കണ്ടെത്തി. ചെന്നൈ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞു എന്നതാണ് ആദ്യ പകുതിയില്‍ കേരളത്തിന്‍റെ സമ്പാദ്യം.

രണ്ടാം പകുതിയിലും ബാള്‍ഡ്വിന്‍സണിലൂടെയും സികെ വിനീതിലൂടെയും ബ്ലാസ്റ്റേഴ്‌സിന് ചില അവസരങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും ഒന്നും തന്നെ ചെന്നൈ ഗോള്‍കീപ്പര്‍ കരഞ്ചിത്ത് സിങ്ങിനെ കവച്ചുവെക്കുന്നതായിരുന്നില്ല.

ഇന്നത്തെ സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്‌സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ