ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക യുവനിരയുടെ കരുത്തിലാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിന്റെ മലയാളി താരം കെ പി രാഹുലിനെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച താരമാണ് രാഹുൽ.

രാഹുൽ കൂടി എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിലെ മുൻ അണ്ടർ 17 താരങ്ങളുടെ എണ്ണം അഞ്ചായി. ഇതിൽ നാല് പേർ ലോകകപ്പ് കളിച്ചവരുമാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഗോൾവലയ്ക്ക് മുന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ധീരജ് സിങ് അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകും. ധീരജ് സിങ്ങിന് പുറമെ ലോകകപ്പ് ഗോൾ സ്കോററായ ജീക്സൻ സിങ്, നോങ്ദാംബ നരോം, രാഹുഷ എന്നിവരാണ് അണ്ടർ 17 ലോകകപ്പ് കളിച്ചത്. ഇവർക്ക് പുറമെ മുഹമ്മദ് റക്കിബും ടീമിനൊപ്പം ചേരും.

പത്തൊമ്പത് കാരനായ രാഹുൽ ലോകകപ്പിൽ മികച്ച പ്രകടനത്തോടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടി 37 മത്സരങ്ങൾ കളിച്ച രാഹുൽ 21 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെയും ഭാഗമാണ് രാഹുൽ. അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടികയിലും രാഹുലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook