ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മറ്റൊരു സുപ്രധാന സൈനിങ്ങായിരുന്നു സ്‌പാനിഷ് താരം വിൻസെന്റ് ഗോമസിന്റേത്. ലാസ് പൽമാസിൽ ജനിച്ച ഡിഫൻസിവ് മിഡ്ഫീൽഡറായ വിൻസെന്റ് ബാഴ്സലോണയും റയൽ മഡ്രിഡുമെല്ലാം അരങ്ങുവാഴുന്ന ലാ ലീഗയിലടക്കം കളിച്ച താരമാണ്.

2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച താരം നേരത്തെ രണ്ട് വർഷം എ ഡി ഹുറാക്കിന് വേണ്ടിയും കളിച്ചിരുന്നു. 2010 ൽ ലാസ് പൽമാസിനായി ഗോമസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും കോപ ഡെൽ റേയുമായുള്ള മത്സരത്തിൽ രണ്ട് ഗോൾ നേടുകയും ചെയ്തു. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ഗോൾ കണ്ടെത്താനും അതീവ ശ്രദ്ധാലുവാണ് വിൻസെന്റ്.

2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ ടീമിനെ നയിക്കുകയും ചെയ്തു. ടൂർണമെന്രിൽ നിന്ന് ടീം പുറത്തായതോടെ ഗോമസ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡിപോർടിവോ ലാ കൊറൂനയിലേക്ക് മാറി. അവിടെ നിന്നുമാണ് ഐഎസ്എല്ലിലേക്കുള്ള താരത്തിന്റെ വരവ്.

“ഈ സീസണിൽ ഒരു അന്താരാഷ്ട്ര സോക്കർ അനുഭവം നേടാൻ ഞാൻ ആഗ്രഹിച്ചു, അതിന് അവസരം ലഭിക്കുകയും ചെയ്തു. കെ ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നതിലും അതിയായ ആവേശത്തിലാണ് “, വിസെന്റ് ഗോമസ് പ്രതികരിച്ചു. ലാസ് പൽമാസിനായി സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെയും മത്സരിക്കാൻ അവസരം ലഭിച്ചു. ഇന്ന്, ഏറ്റവും പ്രിയപ്പെട്ട നിറമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിൽ കളിച്ച് ഇന്ത്യയിൽ ഒരു പുതിയ തുടക്കം കുറിക്കാൻ സന്തോഷമുണ്ട്,” വിൻസെന്റ് ഗോമസ് പറഞ്ഞു.

കിബുവിനൊപ്പം പരിശീലക പാനലിൽ അടിമുടി മാറ്റം വരുത്തിയ ബ്ലാസ്റ്റേഴ്സ് നിഷു കുമാറും പെരേര ഫകുണ്ടും അടക്കമുള്ള സൂപ്പർ താരങ്ങളെയും ഇതിനോടകം ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി തിളങ്ങിയ സഹൽ അബുദുൽ സമദ്, ജെസൽ കർണെയ്റോ എന്നിവരെ നിലനിർത്തുകയും ക്ലബ്ബ് ചെയ്തിരുന്നു.

അതേസമയം ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിന്റെയും, ഹെഡ്കോച്ചിന്റെയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്.

ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook