ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിനായുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും. സൂപ്പർ താരങ്ങളായ സന്ദേശ് ജിങ്കനും ബെർത്തലോമ്യോ ഓഗ്ബച്ചെയുമെല്ലാം കളം വിട്ടതോടെ പുതിയൊരു സ്ക്വാഡിനെ വാർത്തെടുക്കേണ്ട ആവശ്യവും ബ്ലാസ്റ്റേഴ്സിനുണ്ട്. മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോരിയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് കിബു വികുനെയെയാണ് പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്.
കിബുവിനൊപ്പം പരിശീലക പാനലിൽ അടിമുടി മാറ്റം വരുത്തിയ ബ്ലാസ്റ്റേഴ്സ് നിഷു കുമാറും പെരേര ഫകുണ്ടും അടക്കമുള്ള സൂപ്പർ താരങ്ങളെയും ഇതിനോടകം ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി തിളങ്ങിയ സഹൽ അബുദുൽ സമദ്, ജെസൽ കർണെയ്റോ എന്നിവരെ നിലനിർത്തുകയും ചെയ്ത ക്ലബ്ബ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ വീണ്ടും ആകാംക്ഷയിലാക്കിയിരിക്കുകയാണ്.
Read More: അർജന്റീനിയൻ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ഫകുണ്ടോ എബെൽ ഇനി മഞ്ഞക്കുപ്പായത്തിൽ
‘അവൻ വരുന്നു’ എന്ന ക്യാപ്ഷനോടെ ഒരാൾ തിരിഞ്ഞിരിക്കുന്ന ചിത്രമാണ് ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. തിരിഞ്ഞിരിക്കുന്ന ആളിന്റെ കയ്യിൽ ‘കിങ്ങ്’ ചീട്ട് കാർഡും വ്യക്തമാണ്. ഇത് ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. പരിശീലകൻ തന്നെയാണെന്നും പുതിയ താരമാണെന്നുമുള്ള വാദങ്ങൾ സജീവമാണ്. എന്തായാലും ഈ സംശയങ്ങളെല്ലാം മണിക്കൂറുകൾക്കുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് പരിഹരിക്കും. സാധാരണ ബുധനാഴ്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം ഉണ്ടാകുന്നത്. നാളെ ഇതിനുള്ള ഉത്തരവും ബ്ലാസ്റ്റേഴ്സ് നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
അതേസമയം ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിന്റെയും, ഹെഡ്കോച്ചിന്റെയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്.
Read More: ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്ര പ്ലെയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ്
ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്സ് ദീർഘകാല കരാറിലേർപ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്.