ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ് മറ്റൊരു താരത്തെ കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സ്വദേശിയായ മിഡ്‌ഫീൽഡർ ഡാരൻ കാൽഡെയ്‌റയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടത്. ഐ-ലീഗ് ക്ലബ്ബായ മോഹൻ ബഗാൻ എഫ്സിയിൽ നിന്നെത്തിയ 31 കാരനായ ഡാരൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും.

2013 ൽ ആദ്യ ഐ-ലീഗ് വിജയിച്ച ബ്ലൂസിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്ന മുൻ ബെംഗളൂരു എഫ്‌സി കളിക്കാരനായ ഡാരൻ കൊൽക്കത്ത ജയന്റ്സിൽ ചേരുന്നതിന് മുമ്പ് എയർ ഇന്ത്യ എഫ്‌സി, മുംബൈ എഫ്‌സി, എടികെ, ചെന്നൈ സിറ്റി എഫ്‌സി എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Also Read: തലയും ഉടലും മാറിയ ബ്ലാസ്റ്റേഴ്സ്; ഇതുവരെ കരാർ ഒപ്പിട്ടത് 12 പുതിയ താരങ്ങളുമായി

“ഈ സീസണിൽ മഞ്ഞ ജഴ്‌സി ധരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു സമർത്ഥനായ പരിശീലകനോടും പുതിയൊരു കൂട്ടം കളിക്കാരോടും ഒപ്പം വ്യക്തമായ ലക്ഷ്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഒരു ക്ലബിന്റെ ഭാഗമാകാനുള്ള ഏറ്റവും മികച്ച സമയമാണിത്.

ബ്ലാസ്റ്റേഴ്സിനൊപ്പം എന്റെ ഫുട്ബോൾ കരിയറിലെ ഒരു പുതിയ അധ്യായം ഞാൻ കുറിക്കുകയാണ്. ആരാധകരും ക്ലബ്ബും ഒരു നല്ല സീസൺ അർഹിക്കുന്നു. അത് സാക്ഷാത്കരിക്കാൻ മികച്ച കളിയിലൂടെ എന്റെ പങ്ക് വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഡാരൻ കാൽഡെയ്‌റ പറഞ്ഞു.

Also Read: സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം തൃശൂരിന്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

“മിഡ് ഫീൽഡിൽ ഉടനീളം കളിക്കാൻ കഴിയുന്ന വളരെ സ്ഥിരതയുള്ള കളിക്കാരനാണ് ഡാരൻ. ഒന്നിലധികം സ്ഥാനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ഓൾ‌റൗണ്ടർ‌ ടീമിലെത്തിയതിൽ സന്തോഷമുണ്ട്. നിരവധി ഐ‌എസ്‌എൽ, ഐ-ലീഗ് ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീർച്ചയായും ടീമിന് ഒരു സ്വത്തായിരിക്കും. എല്ലാത്തിലുമുപരിയായി മികച്ച മനോഭാവമുള്ള ഒരു ടീം കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് ഈൽകോ ഷട്ടോരി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook