കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ ടീമിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചു. ടീമിന്റെ തനത് മഞ്ഞ നിറത്തിൽ തന്നെയാണ് പുതിയ ജഴ്സിയും ക്ലബ്ബ് അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞ ജഴ്‌സിയും നീല നിറത്തിലുള്ള ഷോര്‍ട്‌സുമായിരിക്കും പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണിയുക.
കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും ഷോര്‍ട്‌സും മഞ്ഞയായിരുന്നു. നേരത്തെ നീല നിറത്തിലുള്ള ഷോർട്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരിടവേളയ്ക്ക് ശേഷമാണ് നീല നിറം ഒഫിഷ്യൽ കിറ്റിന്റെ ഭാഗമാകുന്നത്. എന്നാൽ കഴിഞ്ഞ സീസണുകളിൽ ടീം ജേഴ്സിയിലെ ട്രേഡ് മാർക്കായിരുന്ന കൊമ്പൻ പുതിയ ജേഴ്സിയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു വേണ്ടി പ്രത്യേക ജഴ്‌സിയും ഇത്തവണ തയ്യാറാക്കിക്കഴിഞ്ഞു. എന്നും യെല്ലോയെന്ന പ്രിന്റോട് കൂടിയ ജഴ്‌സിയാണ് ആരാധകര്‍ക്കു ലഭിക്കുക. റെയോര്‍ട്‌സ് സ്‌പോര്‍ട്‌സാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അടുത്ത സീസണിലേക്കുള്ള ജഴ്‌സി തയ്യാറാക്കിയത്. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ടീം പ്രഖ്യാപനവും ഒഫീഷ്യൽ ജേഴ്‌സി പ്രകാശനവും നടന്നത്.
ഒക്ടോബർ 20 മുതലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നത്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തൻ വമ്പന്മാരായ എടികെയുമായിട്ടാണ് ഉദ്ഘാടന മത്സരം.
Also Read: കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്സ്; എതിരാളികളായി ഐഎസ്എൽ ക്ലബ്ബും
ടീമിന്റെ പ്രീ സീസൺ മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനോടകം മൂന്ന് പ്രീ സീസൺ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിന് മുന്നോടിയായി കൂടുതൽ ടീമുകളുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. കേരള സന്തോഷ് ട്രോഫി ടീമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി. ഒക്ടോബർ മൂന്നിന് കേരള സന്തോഷ് ട്രോഫി ടീമിനെതിരെ സൗഹൃദ മത്സരം കളിക്കുമെന്നാണ് സൂചനകൾ.