ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേർസിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ലബിന്റെ ബ്രാന്റ് അംബാസഡർ നടൻ മോഹൻലാലാണ് ജഴ്‌സി പ്രകാശനം ചെയ്തത്. ടീമിന്റെ 25 താരങ്ങളെയും അണിനിരത്തി വിപുലമായ ചടങ്ങാണ് കൊച്ചിയിൽ നടന്നത്.

മഞ്ഞ നിറത്തിൽ നിന്ന് ഇക്കുറിയും ബ്ലാസ്റ്റേർസ് മാറിയിട്ടില്ല. എന്നാൽ നീല നിറത്തിന്റെ ഉപയോഗം കുറച്ചിട്ടുണ്ട്. ഇക്കുറി ജഴ്‌സി മുഴുവനായും മഞ്ഞ നിറത്തിലുളളതാണ്. വശങ്ങളിലുണ്ടായിരുന്ന നീല സ്ട്രിപ്പുകൾ ഒഴിവാക്കി. ഇതിന് പുറമെ സ്പോൺസർമാരുടെ പേരുകളും ജഴ്‌സിയിൽ അധികമായി ചേർക്കപ്പെട്ടിട്ടുണ്ട്. ഷോർട്ട്സ് ഇക്കുറി മഞ്ഞ നിറത്തിലുളളതാണ്.

തന്റെ കുട്ടിക്കാലത്തെ കളി അനുഭവങ്ങൾ പരാമർശിച്ചാണ് ബ്രാന്റ് അംബാസഡർ മോഹൻലാൽ സംസാരിച്ചത്. എല്ലാ കായികവിനോദങ്ങളും മനസിന് പോസിറ്റീവ് എനർജി നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ ഭാഗമാകാൻ സാധിച്ചതിലുളള സന്തോഷവും അദ്ദേഹം പങ്കുവച്ചു. കേരളത്തിൽ ആഞ്ഞടിച്ച പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച എല്ലാവരെയും ബ്ലാസ്റ്റേർസിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കൊച്ചിയിൽ വച്ച് അനുമോദിക്കാനാണ് ബ്ലാസ്റ്റേർസ് തീരുമാനിച്ചിരിക്കുന്നത്. ഫുട്ബോളിന്റെ വളർച്ചയ്ക്കായി നിലവിൽ ബ്ലാസ്റ്റേർസ് ഏറ്റെടുത്തിരിക്കുന്ന സ്‌കൂളുകളുടെ എണ്ണം 25 ൽ നിന്ന് 50 ലേക്ക് ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് പിന്നോക്കമായി നിൽക്കുന്ന സ്കൂളുകളായിരിക്കുമെന്നും മോഹൻലാൽ വിശദീകരിച്ചു.

ചടങ്ങിൽ സംസാരിച്ച ബ്ലാസ്റ്റേർസ് ടീമിന്റെ സഹ ഉടമ, വ്യവസായി നിമ്മഗുഡ പ്രസാദ് ഇക്കുറി ആരാധകരുടെ പ്രതീക്ഷകൾക്ക് ഒത്ത് ബ്ലാസ്റ്റേർസ് കളിക്കുമെന്ന് ഉറപ്പുപറഞ്ഞു. കഴിഞ്ഞ സീസണിൽ പകുതിക്ക് വച്ച് കോച്ചിനെ മാറ്റേണ്ടി വന്നതിനെ കുറിച്ച് വിശദീകരിച്ച അദ്ദേഹം ലാഭം നോക്കിയല്ല ടീമിനെ ഏറ്റെടുത്തതെന്ന് പറഞ്ഞു.

മുൻവർഷങ്ങളിലേത് പോലെയല്ല ഇക്കുറി ടീമിനെ തിരഞ്ഞെടുത്തതെന്ന് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. വരുന്ന മൂന്ന് സീസണുകളിലേക്കുളള പ്രകടനം ലക്ഷ്യമിട്ടാണ് ടീമിനെ വാർത്തെടുത്തിരിക്കുന്നതെന്നും ഇക്കുറി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook