പ്രതിരോധത്തിന് കരുത്താകാൻ ഇന്ത്യന്‍ യുവ താരം; പ്രഖ്യാപനവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐ-ലീഗിൽ ഒമ്പത് മത്സരങ്ങളില്‍ പഞ്ചാബ് എഫ്‌സിക്കായി ബൂട്ടുക്കെട്ടിയ താരം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു

യുവ ഇന്ത്യൻ പ്രതിരോധ താരം ഹോര്‍മിപാം റുവയുമ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ. 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു. 2021 മുതൽ 2024 വരെ മൂന്നുവര്‍ഷത്തേക്കാണ് റുവയുമ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയുക. മണിപ്പൂരിലെ സോംഡാല്‍ സ്വദേശിയാണ് ഈ ഇരുപതുകാരന്‍.

2017ല്‍ ഇംഫാലിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ നിന്നാണ് ഹോര്‍മിപാം തന്‍റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. 2018ല്‍ പഞ്ചാബ് എഫ്‌സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.

Read Also: ഐപിഎല്ലിന് നാളെ കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

2019-20 സീസണില്‍ പഞ്ചാബ് എഫ്‌സിയില്‍ നിന്ന് ലോൺ അടിസ്ഥാനത്തില്‍ എത്തിയാണ് ഹോർമിപാം ഇന്ത്യന്‍ ആരോസിനായി കളിച്ചത്. 14 മത്സരങ്ങളില്‍ താരം പഞ്ചാബിനായി ബൂട്ടണിഞ്ഞു. ഐ-ലീഗിൽ ഒമ്പത് മത്സരങ്ങളില്‍ പഞ്ചാബ് എഫ്‌സിക്കായി ബൂട്ടുക്കെട്ടിയ താരം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുന്നതിലുള്ള ആഹ്‌ളാദം താരം പങ്കുവെച്ചു.  ”ടീമിന്റെ ആരാധകരെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്, എല്ലായ്‌പ്പോഴും ടീമിന്റെ ഭാഗമാകാനും ആഗ്രഹിച്ചിരുന്നു. കൂടുതല്‍ കഠിനമായി പരിശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഭാവിയില്‍ ആരാധകർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. ടീമിനൊപ്പം പരിശീലനം ആരംഭിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്ന് ഹോര്‍മിപാം റുവ പറഞ്ഞു.

ഹോര്‍മിപാമിനെ പോലെ കഴിവുള്ള ഒരു താരം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. “തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നിലയില്‍, ക്ലബ്ബിന്‍റെയും പ്രത്യേകിച്ച് ആരാധകരുടെയും പിന്തുണ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാൻ അദ്ദേഹത്തിന് കരുത്താകും വിശ്വസിക്കുന്നു. ഭാവിയില്‍ നമ്മുടെ പ്രതിരോധ നിരയിലെ പ്രധാന താരമായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം അദ്ദഹത്തിന്റെ ഫുട്‌ബോള്‍ കരിയറിന് എന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നു”  കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters new indian defender recruitment hormipam ruivah

Next Story
ഐ‌പി‌എൽ 2021 ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആവുമോ? മറുപടിയുമായി സിഎസ്‌കെ സിഇഒ
The moderation of comments is automated and not cleared manually by malayalam.indianexpress.com