ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിന്റെ നോക്ക് ഔട്ട്‌ സ്റ്റേജ് മൽസരത്തില്‍ ഐ ലീഗ് റണ്ണര്‍ അപ്പായ നെറോക്ക എഫ്സിയെ നേരിടാനൊരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും മുന്നില്‍ കാണാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഐഎസ്എല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ബെര്‍ബറ്റോവും പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും ഇല്ലാതെയാണ് മഞ്ഞപ്പട ഇന്നിറങ്ങുക.

നെറോക്ക എഫ്സിയെ വിലകുറച്ച് കാണില്ല എന്ന് തന്നെയാണ് കേരളത്തിന്റെ ഇംഗ്ലീഷ് മാനേജര്‍ ഡേവിഡ്‌ ജെയിംസ് പറഞ്ഞത്. “ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ നെറോക്കയോടാണ് നമ്മള്‍ കളിക്കുന്നത്. ഐ ലീഗ് ക്ലബ്ബുകളും ഐഎസ്എല്‍ ക്ലബുകളും തമ്മിലുള്ള മൽസരം കടുത്തതാണ് എന്നാണ് ആദ്യ റൗണ്ടില്‍ തന്നെ നമ്മള്‍ കണ്ടത്. സീസണിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനോടാണ് നമ്മള്‍ മൽസരിക്കുന്നത്. സൂപ്പര്‍ കപ്പ് നേടുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഈ മൽസരം ജയിക്കേണ്ടതുണ്ട്.” ഡേവിഡ്‌ ജെയിംസ് പറഞ്ഞു.

നോക് ഔട്ട്‌ രീതി പിന്തുടരുന്ന സൂപ്പര്‍ കപ്പില്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് മേല്‍ ഐ ലീഗ് ക്ലബ്ബുകള്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സി ഐസ്വാള്‍ എഫ്സിയോട് പരാജയപ്പെട്ട് പുറത്തായപ്പോള്‍ തുടക്കക്കാരായ ജംഷഡ്പൂര്‍ എഫ്സിയും ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക് കടന്ന ഐഎസ്എല്‍ ക്ലബ്ബുകള്‍.

ബാല്‍ഡ്വിന്‍സണും സി.കെ.വിനീതും പെക്കൂസനും അടങ്ങുന്ന മുന്നേറ്റ നിരയെയാകും ബ്ലാസ്റ്റേഴ്സ് ഇറക്കുക. സിംഘം സുഭാഷ് സിങ്ങും നൈജീരിയന്‍ ഫെലിക്സ് ഡിലിയും അടങ്ങിയ നെറോക്കയുടെ അക്രമാസക്തമായ മുന്നേറ്റനിരയെ വരിഞ്ഞുകെട്ടാനാകും എന്നാണ് ജിങ്കനും വെസ്റ്റ്‌ ബ്രൗണും നേതൃത്വം നല്‍കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ പ്രതീക്ഷ. സീസണിന്റെ കണ്ടെത്തലായ ലാല്‍രുത്തരയോടൊപ്പം പരുക്കില്‍ നിന്നും മോചിതനായ റിനോ ആന്റോയും പുള്‍ ബാക്കായ് ഇറങ്ങും.

“കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് ഞങ്ങള്‍ കളിക്കുന്നത്. നെറോക്ക പോലെ ചെറുപ്പക്കാര്‍ അണിനിരക്കുന്ന ഒരു ടീമിന് ഇതൊരു മികച്ച അവസരമാണ്. ഐ ലീഗ് ടീമുകളൊക്കെ മികച്ച പ്രകടനമാണ് സൂപ്പര്‍ കപ്പില്‍ പുറത്തെടുത്തത്. ഐസ്വാള്‍ എഫ്സിയൊക്കെ പുറത്തെടുത്ത അതേ തരത്തിലുള്ള പ്രകടനം നെറോക്കയ്ക്കും കാഴ്ചവയ്്ക്കാനാകും എന്നാണ് എന്റെ പ്രതീക്ഷ.” നെറോക്കയുടെ മാനേജര്‍ ഗിഫ്റ്റ് റായിഖാന്‍ പറഞ്ഞു.

2016-17 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ജേതാക്കളായ നെറോക്ക ഈ സീസണിലാണ് ഒന്നാം ഡിവിഷനിലേക്ക് പ്രവേശിക്കുന്നത്. ഐ ലീഗിലെ ആദ്യ ഡിവിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയി എന്നത് മണിപ്പൂരില്‍ നിന്നുമുള്ള ക്ലബ്ബിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഐ ലീഗില്‍ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ ക്ലബ് കൂടിയാണ് നെറോക്ക. മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെത്തുന്ന നെറോക്കയ്ക്കെതിരെ അതേ തന്ത്രം തന്നെയാകും  ഡേവിഡ്‌ ജെയിംസിന്റെ കുട്ടികൾ പയറ്റുക.

ഐസ്വാള്‍ എഫ്സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ലജോങ് എഫ്സി, ജംഷഡ്പൂര്‍ എഫ്സി, എഫ്സി ഗോവ, ബെംഗളൂരു എഫ്സി എന്നീ ക്ലബ്ബുകളാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇന്ന് ജയിക്കുന്ന ക്ലബ്ബിന് ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക എഫ്‌സി ഗോവയെയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook