ബംഗളൂരു: അവസാന അങ്കത്തിലും തലതാഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ ബംഗളൂരു എഫ്.സിയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിനോട് വിടപറയുന്നത്. മിക്കുവും ഉദാത്തയുമാണ് ബംഗളൂരുവിന് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ടു ഗോളും പിറന്നത് അധിക സമയത്തായിരുന്നു.

പ്ലേ ഓഫ് സാധ്യത അവസാനിച്ചതിന്റെ കരിനിഴല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിലും വീണിരുന്നു. കളിയിലുടനീളം ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ പരീക്ഷിക്കുകയായിരുന്നു. ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ട് മാത്രമാണ് പലപ്പോഴും ഗോള്‍ അകന്നു നിന്നത്. സുനില്‍ ഛേത്രിയും സംഘവും ബ്ലാസ്‌റ്റേഴ്‌സ് മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തുകയായിരുന്നു.

ഇരുപകുതികളും ബംഗളൂരുവിന്റെ നിയന്ത്രണത്തിലായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ഗോളടിക്കാനുള്ള അവസരം നഷ്ടമാക്കിയത് ബംഗളൂരുവിനെ നേരത്തെ തന്നെ ലീഡ് സ്വന്തമാക്കുന്നതില്‍ നിന്നും തടഞ്ഞു. 75ാം മിനുറ്റിലും ഗോളടിക്കാനുള്ള സുവര്‍ണ്ണാവസരം ബംഗളൂരു നഷ്ടമാക്കി. 87ാം മിനുറ്റില്‍ മിക്കുവും ഗോളവസരം നഷ്ടമാക്കി.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ മടങ്ങാമെന്ന പ്രതീക്ഷയോടെയായിരുന്നു കളിക്കളത്തിലിറങ്ങിയത്. എന്നാല്‍ ഗോളടിക്കാന്‍ ലഭിച്ച അവസരങ്ങളും പന്തടക്കത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ട് നയിക്കുകയായിരുന്നു. പ്രതിരോധ നിരയില്‍ ജിങ്കന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് അല്‍പ്പമെങ്കിലും ആശ്വാസമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ