കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മൽസരത്തില്‍ ചെന്നൈയിന്‍ സിറ്റി എഫ്സിയെ നേരിടാനിറങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയത്തില്‍ കുറഞ്ഞ ഒന്നും ഇല്ലാതെയാണ് ഇന്ന് ടീം ഇറങ്ങുന്നതെന്നും പ്ലേ ഓഫില്‍ കടക്കാന്‍ ആവശ്യമായ വിജയം കണ്ടെത്തുക തന്നെ ചെയ്യും എന്നും മാനേജര്‍ ഡേവിഡ്‌ ജെയിംസ് വ്യക്തമാക്കുന്നു.

“വളരെ മികവുറ്റ ഒരു നിര താരങ്ങള്‍ തന്നെയാണ് നമുക്കുള്ളത്. പ്ലേ ഓഫിലേക്ക് കടക്കാനുള്ള കഴിവും അവര്‍ക്കുണ്ട്.” ഡേവിഡ്‌ ജെയിംസ് ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നു.

എറ്റികെയുമായി പരാജയപ്പെട്ടത് തിരിച്ചടിയാണ് എന്ന് പറഞ്ഞ ഇംഗ്ലീഷ് കോച്ച് അതില്‍ ടീം തകര്‍ന്നില്ല എന്നും അറിയിക്കുന്നു. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. “ഞാനിവിടെ പരിശീലകനായി വന്നപ്പോള്‍ മിക്ക കളിക്കാര്‍ക്കും എന്നെ അറിയില്ലായിരുന്നു. പലരും എന്‍റെ കോച്ചിങ്ങിലുള്ള കഴിവും ചോദ്യംചെയ്തു. എന്നാല്‍ മികച്ച ഒരു സഹകരണം തന്നെയാണ് പിന്നീടങ്ങോട്ട് എനിക്ക് ലഭിച്ചത്. ഡേവിഡ്‌ ജെയിംസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കളിയില്‍ മധ്യനിരയില്‍ തിളങ്ങിയ ബെര്‍ബറ്റോവ് ഇത്തവണ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയില്‍ കളിച്ചേക്കും എന്നാണ് ഡേവിഡ്‌ ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ സ്പാനിഷ് താരം വിക്റ്റര്‍ പുള്‍ഗ ഇന്ന്‍ കളി മെനയാന്‍ മധ്യനിരയിലുണ്ടാകും എന്നതിന്‍റെ സൂചനയാണിത്.

ബാള്‍ഡ്‌വിന്‍സണും ഇയാന്‍ ഹ്യൂമും ഉള്ള മുന്നേറ്റനിരയില്‍ ആരെയാകും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നത് നിര്‍ണായകമാകും. ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ബെംഗളൂരു എഫ്സിയുമായാണ് കേരളത്തിന്‍റെ അടുത്ത കളി. കടുത്തൊരു മൽസരത്തിനുള്ള ആത്മവിശ്വാസം പകരുന്ന വിജയം തന്നെയാവും ഇന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. സീസണിലെ അവസാന ഹോം മൽസരമാണ് ഇന്നത്തേത് എന്നത് കളിയുടെ ആവേശം വര്‍ദ്ധിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ