കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണിൽ കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം കൈവിട്ടത്. എങ്കിലും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്സ് എന്ന് കോച്ച് സ്റ്റീവ് കോപ്പലിന് പോലും അഭിപ്രായമില്ലായിരുന്നു. ശരാശരി നിലവാരം മാത്രമുള്ള ടീമിനെ ഫൈനൽ വരെ എത്തിച്ചതിന് പിന്നിൽ കോച്ച് കോപ്പലിന്റെ സമയോചിത ഇടപെടലുകളും തന്ത്രങ്ങളും ആണെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു. ആദ്യാവസാനം ടീമിന് മുഴുവൻ പിന്തുണയും നൽകിയ ആരാധകർ തലതാഴ്‌ത്തി പിൻവാങ്ങിയതിനെ ഇന്നും അത്ര സന്തോഷത്തോടെയല്ല, ടീം മാനേജ്മെന്റ് കാണുന്നത്. ഇക്കുറി വളരെ നേരത്തേ തന്നെ മത്സരത്തിന് ഏറ്റവും ശക്തരായ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഇതിന്റെ ആദ്യപടിയെന്നോണം, പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ(സിഇഒ) നിയമിതനായി. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ഡവലപ്മെന്റ് സെക്ഷൻ ഹെഡ് ആയിരുന്ന വരുൺ ത്രിപുരനേനിയാണ് പുതിയ സി.ഇ.ഒ ആയി നിയമിക്കപ്പെട്ടത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ടീമായ ചെന്നൈയിൻ എഫ്.സി യുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു അദ്ദേഹം. 2016 സീസൺ കഴിഞ്ഞ് രണ്ട് മാസം പിന്നിടുന്നതിന് മുൻപ് തന്നെ പുതിയ സിഇഒ നിയമിതനാകുന്നത് അടുത്ത ടൂർണമെന്റിൽ ആരാധകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള ടീമിനെ ഔരുക്കുന്നതിനാണെന്ന് വിലയിരുത്തപ്പെടുന്നു.

ടൂർണമെന്റിൽ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടീമെന്ന വിശേഷണം കേരള ബ്ലാസ്റ്റേഴ്സിനാണ്. ഓരോ മത്സരത്തിനും അൻപതിനായിരത്തോളം പേർ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയതാണ് ഇതിൽ പ്രധാനം. എന്നാൽ ടീമിന് ലഭിക്കുന്ന ഈ പിന്തുണയെ വേണ്ടവിധം മാനേജ്മെന്റ് കഴിഞ്ഞ സീസണുകളിൽ ഉപയോഗപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ ടീമിന്റെ സ്പോൺസർമാരുടെ പിന്തുണ ഏറ്റവും കുറവുണ്ടായിരുന്ന ടീമും കേരള ബ്ലാസ്റ്റേഴ്സായിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുണ്ടായിട്ടും ടീമിന് സ്പോൺസർമാരെ കണ്ടെത്താൻ സാധിക്കാതിരുന്നത് ആസൂത്രണത്തിലെ പാളിച്ചയായി വിലയിരുത്തപ്പെട്ടിരുന്നു.

ആരാധകർ വളരെ ഏറെ ഉണ്ടെങ്കിലും ഇവർക്കായിി യാതൊരു പദ്ധതിയും ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കിയിരുന്നില്ല. വൻകിട ഫുട്ബോൾ ക്ലബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ എന്നിവയ്‌ക്കെല്ലാം കേരളത്തിൽ ഔദ്യോഗിക ആരാധാക സംഘം ഉണ്ട്. എന്നാൽ കേരളത്തിന്റെ പേരിലുള്ള ഫുട്ബോൾ ടീമിന് സ്വന്തം തട്ടകത്തിൽ ആരാധകരെ ഇതുവരെ ടീമിനൊപ്പം കോർത്തുനിർത്താൻ സാധിച്ചിട്ടില്ല. എന്നാൽ സ്വന്തം താത്പര്യ പ്രകാരം ടീം ജഴ്സി ധരിച്ച് കലൂർ സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങളെ കണ്ട് മാനേജ്മെന്റ് പുതിയ സീസണിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായാണ് വിവരം. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സിഇഒ യെ വളരെ നേരത്തേ നിയമിച്ചത്.

കൂടുതൽ സ്പോൺസർമാരെ കണ്ടെത്തുക, ടീമിന്റെ ആരാധക പിന്തുണ വരുന്ന സീസണിൽ വർദ്ധിപ്പിക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളാണ് സിഇഒ ആദ്യ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കോച്ച് സ്റ്റീവ് കോപ്പൽ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ മാനേജ്മെന്റ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ താത്പര്യം സംരക്ഷിച്ച് അടുത്ത ടീമിൽ മാറ്റങ്ങൾ വരുത്തണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വലിയ പിന്തുണയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook