അവസാന മിനിറ്റ് വരെ ജയം ഉറപ്പിച്ചിരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് സമനിലയുമായി ഈസ്റ്റ് ബംഗാൾ എഫ്സി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാൾ ഒപ്പം പിടിച്ചത്. ജോർദാൻ മുറെയുലുടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്കോട്ട് നെവില്ലെയുടെ ഗോളാണ് ഈസ്റ്റ് ബംഗാളിന് സമനില നേടികൊടുത്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ഉണർന്നു കളിച്ച ഇരു ടീമുകളും ഗോളിനായി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ മുറെയിലൂടെ ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ച കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ സമ്മർദ്ദത്തിലാക്കി. തൊട്ടുപിന്നാലെ ജീക്സൻ സിങ് മഞ്ഞകാർഡ് കണ്ടത് ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായി.

അഞ്ചാം മിനിറ്റിൽ മുറെ വീണ്ടും ഗോൾ പോസ്റ്റ് ലക്ഷ്യംവെച്ചെങ്കിലും ഗോൾകീപ്പർ ദേബ്ജിത്ത് തട്ടിയകറ്റി. 11-ാം മിനിറ്റിലാണ് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒരു അവസരം സൃഷ്ടിച്ചെടുക്കുന്നത്. എന്നാൽ ആൽബിനോ ഗോമസിന്റെ കൃത്യമായ ഇടപ്പെടൽ ഗോൾ തടയുകയായിരുന്നു. ഇതോടെ ഇരു ടീമുകളും കൂടുതൽ ആത്മവിശ്വാസത്തോടെ ഉണർന്ന് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റവുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ വേഗത കൂട്ടി. ബ്രൈറ്റിന്റെ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചുകൊണ്ടെയിരുന്നു. കിട്ടിയ അവസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും തിരിച്ചടിക്കാൻ തുടങ്ങി. 64-ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. ഗോൾകീപ്പർ ആൽബിനോ ഗോമസ് നൽകിയ ലോങ് പാസ് സ്വീകരിച്ച മുറെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി മുന്നേറി. രണ്ട് ഈസ്റ്റ് ബംഗാൾ താരങ്ങളെയും ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിൽ.

ഗോൾ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിനെ ഈസ്റ്റ് ബംഗാൾ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 94-ാം മിനിറ്റുവരെ പിടിച്ചു നിന്നെങ്കിലും അവസാന നിമിഷം രാഹുൽ വഴങ്ങിയ കോർണർ ബ്ലാസ്റ്റേഴ്സിന്റെ വിജയമോഹങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു. ബ്രൈറ്റ് എടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായി സ്കോട്ട് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook