ഭുവനേശ്വര്‍: നായകന്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയുടെ ഇരട്ട ഗോള്‍ മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എലിലെ അവസാന കളിയില്‍ കരുത്തരായ ഒഡീഷ എഫ്‌സിയെ സമനിലയില്‍ തളച്ചു. നാലു ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ രണ്ട് ഗോള്‍ നേടിയ നായകൻ ഒഗ്‌ബെച്ചെയാണ് കൈവിട്ട മത്സരം സമനിലയിലെത്തിച്ചത്. രണ്ടും പെനല്‍റ്റി ഗോളായിരുന്നു.

ആദ്യഗോള്‍ ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളായിരുന്നു. ഒഡിഷയ്ക്കായി മാനുവേല്‍ ഒന്‍വു ഹാട്രിക്കടിച്ചു. ഒരു ഗോള്‍ പെരെസ് ഗുയെദെസും. 2-4ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയതുല്യമായ സമനില നേടിയത്. 15 ഗോളുകളുമായി എടികെയുടെ റോയ് കൃഷ്ണയെ (14) മറികടന്ന് ഒഗ്ബച്ചെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമനായി. 18 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 19  പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സീസണില്‍ ആകെ ജയം നാല്. ഏഴു വീതം സമനിലയും തോല്‍വികളും. മറ്റു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഗോളുകള്‍ (29) നേടാനായത് ബ്ലാസ്റ്റേഴ്‌സിന് നേട്ടമായി. നേരത്തേ പ്ലേഓഫ് ഉറപ്പാക്കിയ എ.ടി.കെ, ബെംഗളൂരു എഫ്.സി എന്നീ ടീമുകളെ തോല്‍പ്പിക്കാനും മഞ്ഞപ്പടക്ക് കഴിഞ്ഞു.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. ഒന്‍വുവിന്റെ വകയായിരുന്നു ഒഡിഷയുടെ ഗോൾ. ജെറിയാണ് അവസരമൊരുക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചടി ഉടന്‍വന്നു. ഏഴാം മിനിറ്റില്‍ ഒഗ്‌ബെച്ചെയുടെ മുന്നേറ്റം. ഇടതുപാര്‍ശ്വത്തില്‍ മെസി ബൗളിക്ക് പന്ത് നല്‍കി. മെസി ഇടതുമൂലയില്‍നിന്ന് ബോക്‌സിലേക്ക് തകര്‍പ്പന്‍ ക്രോസ് പായിച്ചു. സഹലിനെ ലക്ഷ്യമിട്ടായിരുന്നു ക്രോസ്. അപകടമൊഴിവാക്കാനായി ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസ് കാല്‍വച്ചു. പന്ത് സ്വന്തം വലയില്‍ കുരുങ്ങി.

ഇരുപത്തെട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. മെസി ബൗളിയുടെ ഒന്നാന്തരം ഫിനിഷിങ്. കര്‍ണെയ്‌റോയുടെ അതിനൊത്ത അസിസ്റ്റും. സുയ്‌വെര്‍ലൂണില്‍നിന്നായിരുന്നു തുടക്കം. കര്‍ണെയ്‌റോയ്ക്ക് സുയ്‌വെര്‍ലൂണ്‍ പന്ത് നല്‍കി. ഇടതുവശത്ത്നിന്ന് കര്‍ണെയ്‌റോയുടെ അളന്നുമുറിച്ച ലോങ് ക്രോസ് ഒഡിഷ ബോക്‌സിലേക്ക് പറന്നു. ഒഗ്‌ബെച്ചെയും മെസി ബൗളിയും കാത്തുനിന്നു. ഒഗ്‌ബെച്ചെ ഡിഫന്‍ഡര്‍മാരുടെ ഇടയില്‍പ്പെട്ടപ്പോള്‍ മെസി അരികത്ത് സ്വതന്ത്രനായി നിന്നു. പന്ത് കാലില്‍ ഏറ്റുവാങ്ങി നിയന്ത്രിച്ച് തകര്‍പ്പന്‍ ഷോട്ട്. ഡൊറോന്‍സോറയ്ക്ക് തടയാനായില്ല. എട്ട് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്‍വുവിന്റെ ഫ്രീകിക്ക് വീഴ്ത്തി. നേരിട്ട് വലയില്‍ കയറുകയായിരുന്നു. ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ കൃത്യമായി ചാടിയെങ്കിലും പന്ത് പിടിയിലൊതുക്കാനായില്ല.

നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഡാനിയേലിന്റെ ലോങ് റേഞ്ചര്‍ ബിലാല്‍ ഖാന്‍ തട്ടിയകറ്റി. പക്ഷേ, ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് വഴങ്ങി. ഒന്‍വുവിനെ രാജു ബോക്‌സില്‍ വീഴ്ത്തിയതിന് പെനല്‍റ്റി. പെരെസ് എടുത്ത പെനല്‍റ്റികിക്ക് തടയാന്‍ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന് കഴിഞ്ഞില്ല.

രണ്ടാംപകുതിയില്‍ നര്‍സാറിക്ക് പകരം കെപി രാഹുല്‍ ഇറങ്ങി. പക്ഷേ, രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോള്‍ വഴങ്ങി. ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ ബോക്‌സിന് പുറത്തുള്ള പന്ത് പിടിച്ചതിന് ഒഡിഷയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. ഒന്‍വുവിന്റെ കിക്ക് വലയിലെത്തി. 66-ാം മിനുട്ടില്‍ രാഹുലിന്റെ ഇടതുമൂലയില്‍നിന്നുള്ള ക്രോസ് ഗോളിന് അരികെയെത്തിയതാണ്. മെസി ബൗളിക്ക് പന്ത് കിട്ടുംമുമ്പ് ഡൊറോന്‍സോറ പന്ത് പിടിച്ചെടുത്തു.

81-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയെ ശുഭം സാരംഗി വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി. ഒഗ്‌ബെച്ചെയ്ക്ക് ലക്ഷ്യം തെറ്റിയില്ല. സീസണില്‍ 14 ഗോളും തികച്ചു ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍. അവസാന മിനിട്ടുകളില്‍ സമനില ഗോളിനായി ആഞ്ഞുശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച സമനില കിട്ടി. ഒഗ്‌ബെച്ചെയെ ഗോള്‍ കീപ്പര്‍ ഡൊറോന്‍സോറ വീഴ്ത്തി. വീണ്ടും പെനല്‍റ്റി. ഒഗ്‌ബെച്ചെ ഒരിക്കല്‍ക്കൂടി വലകുലുക്കി. ആവേശ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook