ജംഷ്ഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാൽ ജംഷ്ഡ്പൂരിന് മുന്നിൽ കാലിടറി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷ്ഡ്പൂർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ലീഡെടുക്കാനായെങ്കിലും മത്സരഫലം ബ്ലാസ്റ്റേഴ്സിനെതിരാവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് നായകൻ ഓഗ്ബച്ചെയുടെ ഓൺ ഗോളാണ് ബ്ലാസ്റ്റേഴ്സ് തോൽവിയ്ക്ക് അടിവരയിട്ടത്.

മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ മെസി ബൗളിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 39-ാം മിനിറ്റിൽ അകോസ്റ്റ ആതിഥേയരെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റെഡ് കാർഡ് കണ്ടു അബ്ദുൾ ഹക്കു പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തു പേരായി ചുരുങ്ങി.

അതേസമയം 56-ാം മിനിറ്റിൽ ഓഗ്ബച്ചെയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. എന്നാൽ 75-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം മുതലാക്കിയ കാസ്റ്റൽ ജംഷ്ഡ്പൂരിനെ വീണ്ടും ഒപ്പമെത്തിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയടുത്താണ് നായകൻ ശരിക്കും വില്ലനായത്. ഓഗ്ബച്ചെയുടെ കാലിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ വലയിലേക്ക് കയറിയ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമാവുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യ ഇലവൻ: ടി.പി രഹ്നേഷ്, വ്ലാറ്റ്കോ ഡ്രൊബാറോ, അബ്ദുൾ ഹക്കു, ജെസൽ കർണെയ്റോ, മുഹമ്മദ് റാക്കിപ്, ഹാളിചരൺ നർസാരി, മുഹമ്മദ് നിങ്, മരിയോ ആർക്വസ്, സഹൽ അബ്ദുൾ സമദ്, ബെർത്തലോമ്യോ ഓഗ്ബച്ചെ, മെസി ബൗളി.

Read Here: കുതിക്കും ചീറ്റപ്പുലി പോലെ; ലബുഷെയ്നെ പുറത്താക്കാൻ കോഹ്‌ലിയുടെ മാസ്മരിക ക്യാച്ച്, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook