കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്. മൂന്ന് പോയിന്റിന്റെ വില നന്നായി അറിയാവുന്ന അവസാന സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം ആധികാരികമായിരുന്നു. നായകൻ ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സിനായി ഇരട്ട ഗോൾ നേടിയപ്പോൾ ഡ്രൊബാരോ, മെസി, സെയ്ത്യസെൻ സിങ് എന്നിവരും ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു. ബോബോയുടെ വകയായിരുന്നു ഹൈദരാബാദിന്റെ ആശ്വാസ ഗോൾ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം അഞ്ച് ഗോൾ മടക്കി മത്സരത്തിലേക്കും സീസണിലേക്കും മടങ്ങി വന്നത്.
മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ ആദ്യ ഇലവനെ നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷട്ടോരി ഇതാണ് തന്റെ ടീമെന്ന് അടിവരയിട്ടു. നാലാം മിനിറ്റിൽ മെസിയെ ഫൗൾ ചെയ്തതിന് റഫറി വിധിച്ച ഫ്രീകിക്ക് മികച്ച ബ്ലാസ്റ്റേഴ്സിന് സുവർണാവസരമായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. പത്താം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണറിന്റെ രൂപത്തിൽ വീണ്ടും അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതും വിഫലമായി. എന്നാൽ 14-ാം മിനിറ്റിൽ ബ്രസീൽ താരം ഡെയ്വിസൺ ഡസിൽവയുടെ ഗോളിൽ ഹൈദരാബാദ് അക്കൗണ്ട് തുറന്നു.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡസിൽവ തന്നെ തുടങ്ങിവച്ച മുന്നേറ്റം നായകൻ മാഴ്സലോയുടെ അസിസ്റ്റിൽ താരം ഗോളാക്കുകായിരുന്നു. പിന്നീട് ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ. ഇതിനിടയിൽ ലീഡ് ഉയർന്നേക്കുമെന്ന തോന്നിപ്പിച്ച് ഹൈദരാബാദ് ഒന്നിലധികം തവണ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തെത്തി.
33-ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയത്. നായകൻ ഓഗ്ബച്ചെ നടത്തിയ ഒറ്റയാൾ കുതിപ്പ് ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമാണിയെയും മറികടന്ന് ഗോളിൽ അവസാനിക്കുകയായിരുന്നു. അടുത്ത ആറ് മിനിറ്റിൽ തന്നെ ലീഡെടുക്കാനും ബ്ലാസ്റ്റേഴ്സിനായി. 39-ാം മിനിറ്റിൽ ലഭിച്ച കോർണർ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിച്ചു. സെയ്ത്യസെൻ സിങ്ങിന്റെ അസിസ്റ്റിൽ പ്രതിരോധ താരം വ്ലാറ്റ്കോ ഡ്രൊബാരോയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. ഇത്തവണ സൂപ്പർ താരം മെസിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്. നർസാരിയുടെ അസിസ്റ്റിലായിരുന്നു മെഡി ഹൈദരാബാദ് വല ചലിപ്പിച്ചത്.
രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു. 54-ാം മിനിറ്റിൽ ലഭിച്ച കോർണർ ഗോളെന്നുറപ്പിച്ചെങ്കിലും ബോക്സിനകത്തെ കൂട്ടപിരിച്ചലിൽ ശ്രമം വിഫലമായി. എന്നാൽ അഞ്ച് മിനിറ്റിനകം സെയ്ത്യസെൻ സിങ് അതിന് പരിഹാരം കണ്ടു. മൈതാനത്തിന്റെ കപകുതിയിൽ നിന്ന് പന്തുമായി കുതിച്ച സെയ്ത്യസെൻ സിങ് നാലാമതും ഹൈദരാബാദ് വല കുലുക്കി.
പിന്നെയും പബ്ലാസ്റ്റേഴ്സിന്റെ ഗോൾദാഹത്തിന് ശമനമുണ്ടായില്ല. നിരന്തരം ഹൈദരാബാദ് പ്രതിരോധം പരീക്ഷിക്കപ്പെട്ടു. 75-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം ഗോളും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. നായകൻ ഓഗ്ബച്ചെയുടെ വകയായിരുന്നു അഞ്ചാം ഗോൾ. ബോക്സിനുള്ളിലേക്ക് മെസി നടത്തിയ കുതിപ്പ് ഓഗ്ബച്ചെ ഗോളാക്കുകയായിരുന്നു.
ഗോൾ മടക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ ഹൈദരാബാദ് തുടർന്നു. 87-ാം മിനിറ്റിൽ സന്ദർശകർ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരേധം തകർത്തത് മത്സരത്തിലെ ഗോളുകളേക്കാൾ മനോഹരമായിരുന്നു.