കൊച്ചി: പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും പ്രതീക്ഷിക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും ഹൈദരാബാദ് പത്താം സ്ഥാനത്തുമാണ്.
ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള കടമ്പ. ടീമിന്റെ നിലവിലെ പ്രകടനം വച്ച് അത് അത്ര എളുപ്പവുമല്ല. എന്നാൽ ഓരോ മൂന്ന് പോയിന്റും പ്ലേ ഓഫ് എന്ന ബ്ലാസ്റ്റേഴ്സ് സ്വപനത്തിന്റെ ജീവനാഡിയാണ്.
പരുക്ക് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഇപ്പോഴും വലയ്ക്കുന്ന പ്രധാന പ്രശ്നം. ഈ ആഴ്ചയോടെ എല്ലാ താരങ്ങളും ഫിറ്റ്നസിലേക്ക് മടങ്ങി വരുമെന്ന ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷട്ടോരിയുടെ പ്രതീക്ഷകൾ വെറുതെയായി. സിഡോഞ്ചയുൾപ്പടെയുള്ള താരങ്ങൾ ഇന്നും ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ല. എന്നാൽ പ്രതിരോധത്തിലെ ഡച്ച് കോട്ട ജിയാനി സ്യുവർലൂൺ ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകും.
ജനുവരിയിലെ ട്രാൻസഫർ വിൻഡോയിലൂടെ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ്ബിന് പദ്ധതിയില്ല. ‘പുതിയ കളിക്കാർക്കു ലീഗിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ലഭ്യമായ ടീമിൽ നിന്നു കഴിയുന്നത്ര മികച്ച പ്രകടനം പുറത്തെടുക്കുക, സെമിയിൽ എത്തുക. അതാണു ഞങ്ങൾക്കു ചെയ്യാനുള്ളത്.’ ഷട്ടോരി പറഞ്ഞു.