കൊച്ചി: ആരാധകരുടെ കാത്തിരുപ്പ് വെറുതെയായില്ല, രാജ്യത്തെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച്‌ ബ്ലാസ്റ്റേഴ്‌സ്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കടുക്കുമെന്നുറപ്പായി. നാല് വർഷത്തേക്കാണ് കരാർ. ബെംഗളൂരും എഫ്സിയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ 22 കാരനായ ഈ ചെറുപ്പക്കാരൻ 11-ാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലാണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2011ൽ അദ്ദേഹത്തെ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വർഷം പരിശീലനം നേടി. 2015ൽ ബെംഗളൂരു എഫ്‌സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

2015ൽ ബിഎഫ്‌സിയിലെത്തിയ നിഷു കുമാർ ക്ലബ്ബിനായി 70 ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2018-19 ൽ ബെംഗളൂരു എഫ്‌സി ഐ‌എസ്‌എൽ കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐ‌എസ്‌എൽ സീസണുകളിൽ ബി‌എഫ്‌സി പ്രതിരോധത്തിൽ നിഷു കുമാർ ഒരു സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോൾ നേടുകയും ശരാശരി 70ശതമാനം പാസ് കൃത്യത നിലനിർത്തുകയും ചെയ്തു.

Also Read: മധ്യനിരയിൽ കളി മെനയാൻ റിത്വിക് ദാസ്; പുതിയ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഒരു വൈവിധ്യമാർന്ന ഫുൾ ബാക്കായ നിഷു അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരതയാർന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018 ൽ അദ്ദേഹം സീനിയർ ടീമിലെത്തി. ജോർദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരു ഗോളും നേടി.

“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്‌ബോൾ യാത്രയിൽ ഞാൻ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ക്ലബിനായി ഞാൻ എന്റെ പരമാവധി നൽകും. നിരവധി ട്രോഫികൾ ഒരുമിച്ച് നേടാമെന്നും ഈ വർഷങ്ങളിലുടനീളം ക്ലബിനൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകർക്കും സന്തോഷം നൽകാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിയെന്നും യെല്ലോ! ” നിഷു കുമാർ പറഞ്ഞു.

Also Read: ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഗോവൻ ഗോൾ കീപ്പർ; ആൽബിനോ ഗോമസ് കേരളത്തിലേക്ക്

ക്ലബ്ബിൽ ചേർന്നതിന് നിഷുവിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. “അദ്ദേഹത്തിന്റെ ഗുണനിലവാരവും പരിശ്രമവും കൊണ്ട് ടീമിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തനിക്കും ക്ലബിനുമായി കൂടുതൽ ഉയരങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് നിഷു. അദ്ദേഹത്തിന്റെ അഭിലാഷം സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തിന്റെ പൊസിഷനിൽ, ദേശീയ ടീമിൽ ഒരു മുൻഗണനയായി മാറാൻ പര്യാപ്തമായ മാർഗ്ഗ നിർദ്ദേശങ്ങൾനൽകി മുന്നോട്ട് നയിക്കുന്നതിനും ഞാൻ ശ്രദ്ധനൽകും. അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്”. സ്കിൻകിസ് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook