കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് മുന്നോടിയായി അർജന്റീനിയൻ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിവിധ ലാറ്റിൻ അമേരിക്കൻ ലീഗുകളിൽ കളിച്ച് പരിചയമുള്ള, ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേരയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയിരിക്കുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേര.

Also Read: മെസി ബാഴ്സലോണ വിടാനുള്ള അഞ്ച് കാരണങ്ങൾ

അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വർ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ലോണിൽ ചിലിയൻ ഫുട്ബോൾ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടുകയും ചെയ്തിട്ടുണ്ട്. കുറച്ച് നാളുകൾ മാത്രമാണ് അദ്ദേഹം ടീമൊനൊപ്പം തുടർന്നത്.

Also Read: രാജ്യം കൂടെ വേണം; തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് സന്ദേശ് ജിങ്കൻ

പിന്നീട് ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേരയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായാണ് അതിനെ വിലയിരുത്തുന്നത്. അന്നത്തെ പി‌എഒ‌കെ പരിശീലകൻ, ‘ഫാനൂറിസ്’ എന്ന് വിശേഷിപ്പിച്ച പെരേര 3 വർഷം കൊണ്ട് 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്.

ഇടതുകാൽ കളിക്കാരനായ അദ്ദേഹം 2018ൽ അപ്പോളൻ ലിമാസ്സോളിൽ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങൾ ഉൾപ്പടെ 53 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തു. ബോക്സിൽ പെരേരയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അർജന്റീനിയൻ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കരുത്താകും. ചിലി, മെക്സിക്കോ, അർജന്റീന, ഗ്രീക്ക് ലീഗുകളിൽ കഴിച്ച് പരിചയസമ്പത്തുള്ള ഫകുണ്ടോ എബെലിന്റെ വരവ് ടീമിന് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: മെസിയും ബാഴ്‌സയും പരസ്യയുദ്ധത്തിലേക്ക്; പരിശീലന ക്യാംപിലേക്കും താരം എത്തില്ല

“ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് ഒരു അംഗീകാരമായി കാണുന്നു. ഇന്ത്യയിൽ കളിക്കുക എന്നത് തന്നെ എന്റെ ഫുട്ബോൾ കരിയറിൽ ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഫുട്ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പദ്ധതികളും കേരളത്തെകുറിച്ചുള്ള രസകരമായ നിരവധി വസ്തുതകളും, പ്രത്യേകിച്ചും ആരാധകരും, ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശവും എന്നെ പ്രചോദിപ്പിച്ചു. ആരാധകർക്ക് ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ ക്ലബ്ബിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ സംഭാവന നൽകും”, ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടുകൊണ്ട് ഫകുണ്ടോ പെരേര പറഞ്ഞു.

“ഫകുണ്ടോ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഉന്നത ക്ലബ്ബുകളുടെ ഭാഗമായി ചില മുൻനിര ലീഗുകളിൽ കളിച്ച അദ്ദേഹം മികച്ച ഫുട്ബോൾ അനുഭവ സമ്പത്തുള്ള കളിക്കാരനാണ്. വരാനിരിക്കുന്ന സീസണിലെ ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനും, ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒരു വൈവിധ്യമാർന്ന ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഫകുണ്ടോ. ” കെബിഎഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook