ഡ്യുറന്റ് കപ്പില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ടീം ഇറങ്ങുന്നത്

ഫയൽ ചിത്രം

കൊച്ചി: വിഖ്യാതമായ ഡ്യൂറന്റ് കപ്പിന്റെ 130 -ാമത് പതിപ്പില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2021 സെപ്തംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പങ്കെടുക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ടീം ഇറങ്ങുന്നത്.

1888ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിന്, ഡ്യൂറന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൊസൈറ്റി (ഡിഎഫ്ടിഎസ്) ആണ് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്‌സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക.

ഈ വര്‍ഷത്തെ ഡ്യുറന്റ് കപ്പില്‍ പങ്കെടുക്കാൻ കഴിയുന്നതിൽ സന്തുഷ്ടരാണെന്ന് കെബിഎഫ്സി പ്രധാന പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പ്രീസീസണിന്റെ ഭാഗമായുള്ള കളികള്‍ വളരെ പ്രാധാന്യമുള്ളവയായതിനാൽ മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്. താരങ്ങള്‍ മത്സരങ്ങള്‍ കളിക്കാൻ ഇഷ്ടപ്പെടുന്നതിനാല്‍, ടൂര്‍ണമെന്റ് ഫോര്‍മാറ്റ് അവര്‍ക്ക് ഒരു അധിക പ്രചോദനമായേക്കുമെന്നും ഇവാന്‍ വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ), മോഹന്‍ ബഗാന്‍ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നീ വേദികളിലായാകും ജനപ്രിയ ടൂര്‍ണമെന്റ് നടക്കുക.

Also read: വിജയഗോളും ആഘോഷവും, പിന്നാലെ വില്ലനായി വാര്‍; റൊണാള്‍ഡോയുടെ നിരാശ

ഗോകുലം കേരളയാണ് നിലവിലെ ഡ്യുറന്റ് കപ്പ് ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം മോഹൻ ബഗാനെ 2-1 ന് തകർത്താണ് ഗോകുലം കപ്പ് നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പുറമെ ഐഎസ്എൽ ടീമുകളായ എഫ്സി ഗോവ, ബാംഗ്ലൂർ എഫ്സി, ജംഷഡ്‌പൂർ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകളും ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്. ഇവർക്ക് പുറമെ 1940ലെ പ്രഥമ ഡ്യുറന്റ് കപ്പ് ജേതാക്കളായ മൊഹമ്മദെൻ സ്പോർട്ടിങ് ക്ലബ്, ഗോകുലം കേരള, ഡൽഹിയുടെ സുദേവ എഫ്സി, എഫ്സി ബാംഗ്ലൂർ യുണൈറ്റഡ്,ഡൽഹി എഫ്സി ടീമുകളും ഇന്ത്യൻ ആർമിയുടെ രണ്ട് ടീമുകളും (റെഡ്, ഗ്രീൻ) ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, സിആർപിഎഫ്, അസം റൈഫിൾസ് എന്നിവയുടെ ഓരോ ടീമുകളുമാണ് കളിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters fc set to play in durand cup 2021

Next Story
‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com