കൊച്ചി: ലോകമെമ്പാടുമുള്ള മുന്‍നിര തൊഴിലാളികളുടെ അചഞ്ചലവും ധീരവുമായ മനോഭാവത്തിനുള്ള ആദരവായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കിയതായി അഭിമാനപുരസരം പ്രഖ്യാപിച്ചു. ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes കാമ്പെയിന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്, കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ഔദ്യോഗിക മൂന്നാം കിറ്റ് സമര്‍പ്പിക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള മലയാളി മുന്‍നിര തൊഴിലാളികളുടെ അനേക പ്രചോദനാത്മകമായ കഥകളും അശാന്ത പരിശ്രമങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍ ക്ലബ്ബിന്റെ ശക്തമായ സോഷ്യല്‍ മീഡിയ സാനിധ്യം ഈ കാമ്പെയിനിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അണിയും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

ക്ലബ്ബിന്റെ കടുത്ത ആരാധകരിലൊരാളാണ് ഈ പ്രത്യേക കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നതിലും ക്ലബ്ബിന് അഭിമാനമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് അതുല്യവും ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയതുമായ ഈ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്. ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്ക് ക്ലബ്ബിന് വേണ്ടി മൂലരൂപ മാതൃക നിര്‍മിക്കാനും ഈ മത്സരം വഴി ക്ലബ്ബ് അവസരം നല്‍കി.

മഹാമാരി സമയത്തെ നമ്മുടെ ഹീറോസിന് ആദരമര്‍പ്പിച്ച് പ്രത്യേക ജേഴ്‌സി രൂപകല്‍പന ചെയ്തത് മുതല്‍ മത്സരം വിജയിക്കുന്നതുവരെയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള ഈ യാത്ര അവിസ്മരണീയമായി തുടരുമെന്ന് അഭിനന്ദന സൂചകമായി ക്ലബില്‍ നിന്നുള്ള ഒരു കസ്റ്റമൈസ്ഡ് ജേഴ്‌സി ലഭിക്കുന്ന സുമന സായിനാഥ് പറഞ്ഞു. മികച്ചതും ഏറ്റവും അഭിനിവേശം നിറഞ്ഞ ആരാധകവൃന്ദവുമുള്ള ക്ലബ്ബിനായി ഒരു ജേഴ്‌സി ഡിസൈന്‍ പോലെ വലിയൊരു കാര്യം സംഭാവന ചെയ്യുന്നത് തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ഒരു പ്രധാനകാര്യമായി തുടരും. എല്ലാ സ്‌നേഹത്തിനും കെബിഎഫ്‌സിയുടെ മുഴുവന്‍ ടീമിനും ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനെല്ലാമുപരി കോവിഡ് 19നെതിരെ രാപ്പകല്‍ ധീരമായി പോരാടുന്ന ഞങ്ങളുടെ പോരാളികള്‍ക്കും ഒരു വലിയ നന്ദി. എല്ലാവര്‍ക്കും ആയുരാരോഗ്യം നേരുന്നു-സുമന പറഞ്ഞു.

വിവിധ വിഭാഗം മുന്‍നിര തൊഴിലാളികളെ പ്രതീകപ്പെടുത്തുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് ഒരു കഥയുമായി ശ്രദ്ധാപൂര്‍വം കൂടിച്ചേരുന്ന തരത്തില്‍ കെബിഎഫ്‌സിയുടെ പ്രതീകമായ ആനയെ, കിറ്റ് രൂപകല്‍പനയിലൂടെ സമര്‍ഥമായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. പൊലീസിനുള്ള ബാഡ്ജുകള്‍, ശുചിത്വ തൊഴിലാളികള്‍ക്കുള്ള ചൂലുകള്‍, ഗ്ലോബിന് മുകളിലുള്ള സ്‌റ്റെതസ്‌കോപ്പും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷിത കരങ്ങളും, കേരളത്തിന്റെ ഭൂപടം, ഇന്ത്യന്‍ പതാക, വാളുകളായുള്ള കൊമ്പുകള്‍, ലോകമെമ്പാടുമുള്ള എല്ലാ ആരാധകര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും സമാധാനവും സംരക്ഷണവും പ്രതീകാത്മകമാക്കുന്ന പ്രാവ് എന്നിങ്ങനെയുള്ളവ ഡിസൈന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വെള്ള, സ്വര്‍ണം എന്നീ നിറങ്ങള്‍ കസവ് മുണ്ടിനെ സാമ്യപ്പെടുത്തുന്നതും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ആദരം അര്‍പ്പിക്കുന്നവയുമാണ്.

#SaluteOurHeroes എന്നത് ക്ലബിലെ എല്ലാവരുമായും ഹൃദയസ്പര്‍ശിയായി നില്‍ക്കുന്ന സംരംഭമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വീരഗാഥകളുള്ള ആളുകളെ തേടിയുള്ള തുടക്കത്തില്‍ നിന്ന്, കോവിഡ് ഹീറോസിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ പങ്കുവെക്കുന്ന ആയിരക്കണക്കിന് കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോമായി ഇതിനെ കെബിഎഫ്‌സി പരിണമിപ്പിച്ചെടുത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് വന്ന നിരവധി കഥകളില്‍ നിന്ന് വളരെ കുറച്ച് മാത്രമേ അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ, നമ്മുടെ എല്ലാ ഹീറോസിനും ഒരു കൂട്ടായ നന്ദി എന്ന നിലയിലാണ് കിറ്റ് മത്സരം ആരംഭിച്ചത്. നമ്മുടെ എല്ലാ ഹീറോസും കാണിച്ചത്ര ധൈര്യവും വ്യക്തിത്വവും പ്രതിബദ്ധതയുമോടൊപ്പം എല്ലാ ആരാധകരും താരങ്ങളും സ്റ്റാഫും ഈ സ്‌പെഷ്യല്‍ #SaluteOurHeroes ജേഴ്‌സി ധരിക്കുമെന്നാണ് എന്റെ ആത്മാര്‍ഥമായ പ്രതീക്ഷയും അഭിലാഷവും. ഹീറോസിന് നന്ദി, ഞങ്ങള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു-നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook