scorecardresearch

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും വരും മത്സരങ്ങളിൽ എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ കരുതിയിരിക്കണം?

ശക്തമായ പ്രതിരോധം തീർത്ത് എതിരാളികളുടെ പിഴവിൽ നിന്ന് മുന്നേറ്റം നടത്തുന്ന വികുന പാഠത്തിന്റെ അടിത്തറ ടീമിന് വ്യക്തമായി കഴിഞ്ഞു

ISL 2020-21, KBFC, ATKMB, kerala blasters fc vs ATKMB, Kibu Vicuna, കിബു വികുന, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും എതിർ ടീം മുഖ്യ പരിശീലകന്റെ വരെ പ്രശംസ ഏറ്റുവാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മുന്നോട്ട് പോകാൻ ഒരുങ്ങുന്നത്. ചാംപ്യന്മാർ ഒത്തുചേർന്ന എടികെ മോഹൻ ബഗാൻ കേരളത്തിനെ അനായാസം കീഴ്പ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാൽ റോയ് കൃഷ്ണയെയും സംഘത്തെയും നല്ലവണ്ണം വെള്ളംകുടിപ്പിക്കാൻ കൊമ്പന്മാർക്കായി. അതു തന്നെയാണ് വരും മത്സരങ്ങളിൽ എതിരാളിളെ ബ്ലാസ്റ്റേഴ്സിനെതിരെ ഭയപ്പെടുത്തുന്നതും.

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഭയപ്പെടണം എന്ന് പറയുന്നതിന് മുമ്പ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എവിടെയാണ് പിഴച്ചതെന്ന് നോക്കാം. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതാണ് എടികെ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. പന്ത് കൈവശം വച്ച് മികച്ച മുന്നേറ്റങ്ങൾ നടത്താൻ ശ്രമമുണ്ടായെങ്കിലും അവയൊന്നും പൂർണതോതിൽ ലക്ഷ്യം കണ്ടില്ലായെന്ന് വേണം പറയാൻ.

Also Read: ISL 2020-21: ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?

മധ്യനിരയിൽ അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിലെത്തിയ സഹൽ അബ്ദുൾ സമദ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് മാത്രമല്ല ഗ്യാരി ഹൂപ്പറിന് മികച്ച പിന്തുണ നൽകുന്നതിലും പരാജയപ്പെട്ടു. നന്നായി കളിച്ചെങ്കിലും ടീമിന് നേട്ടമുണ്ടാക്കാൻ വിങ്ങർമാരായ റിത്വിക് ദാസിനും നോറത്തിനും സാധിച്ചില്ല.

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്ന് പരിശോധിച്ചാൽ മോഹൻ ബഗാനിൽ കിബു വികുന അവതരിപ്പിച്ച അതേ പൊസഷൻ അടിസ്ഥാനമാക്കിയുള്ള കളി തന്ത്രമാണ് ബ്ലാസ്റ്റേഴ്സിലും പരീക്ഷിക്കുന്നത്. എടികെ മോഹൻ ബഗാനെതിരെ കളിയുടെ 68 ശതമാനം സമയവും പന്ത് കൈവശം വയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ശക്തമായ പ്രതിരോധം തീർത്ത് എതിരാളികളുടെ പിഴവിൽ നിന്ന് മുന്നേറ്റം നടത്തുന്ന വികുന പാഠത്തിന്റെ അടിത്തറ ടീമിന് വ്യക്തമായി കഴിഞ്ഞു. മുന്നേറ്റത്തിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യത്തിലെത്തിക്കാനും സാധിച്ചാൽ ആ തന്ത്രം പൂർണമായും വിജയിക്കും.

പ്രതിരോധത്തിലെ ആഫ്രിക്കൻ കരുത്ത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ അപകടകാരികളാക്കുന്നത്. ബക്കാരി കോനയും അദ്ദേഹത്തിന്റെ പങ്കാളി കോസ്റ്റ നമോൻസുവും ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തമായ സെന്റർ ബാക്ക് കോമ്പോയാണ് ഇരുവരുമെന്നും ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചു. വിങ്ങുകളിൽ കളിച്ച ജെസൽ കർണെയ്റോയും പ്രശാന്തും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പുറത്തെടുത്തത്. കൊൽക്കത്തയ്ക്കെതിരെ ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്താനും ഇരുവർക്കും സാധിച്ചു.

Also Read: ജയത്തോടെ തുടങ്ങി സൂപ്പർ മച്ചാൻസും; ജംഷദ്പൂരിനെ വീഴ്ത്തിയത് 2-1ന്

അതേസമയം വരും മത്സരങ്ങളിൽ ഫുൾ ബാക്കറായി പ്രശാന്തിനെ കോച്ച് പരിഗണിക്കില്ല. നിഷു കുമാർ മാച്ച് ഫിറ്റാകുന്നതോടെ മധ്യനിരയിലേക്ക് മടങ്ങിയെത്താൻ പ്രശാന്തിനാകും ഇതോടെ ഡിഫൻസ് ഒന്നുകൂടെ മികച്ചതാകും. മധ്യനിരയിൽ വിസന്റെ ഗോമസിന്റെ അനുഭവ സമ്പത്ത് ആദ്യ മത്സരത്തിൽ തന്നെ പ്രതിഫലിച്ചിരുന്നു. പകരക്കാരനായി ഇറങ്ങിയ അർജന്റീനിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫകുണ്ടോ പെരേര വരും മത്സരങ്ങളിൽ ടീമിൽ നിർണായക സാനിധ്യമാകുമെന്നും ഉറപ്പാണ്.

മലയാളി താരം കെ.പി രാഹുലും പരുക്കിൽ നിന്ന് മുക്തരായി മടങ്ങിയെത്തിയാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലെ പിഴവുകൾ നികത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. റിത്വിക് ദാസിന് കൂടുതൽ അവസരങ്ങൾ നൽകാൻ കിബു വികുന തീരുമാനിച്ചാൽ നോറം സൂപ്പർ സബ്ബാകും.

പ്രീ സീസൺ മത്സരങ്ങളുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് പരിഹാരം കണ്ടെത്താനും കിബു വികുനയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ മത്സരങ്ങൾക്ക് ശേഷവും ഫസ്റ്റ് ഇലവനിൽ കളിക്കാത്ത താരങ്ങളെ ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനമായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala blasters fc pre match analysis strength and weakness amid neufc match

Best of Express