ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് ടീമുകൾ. ഇതിൽ മുന്നിൽ തന്നെയുണ്ട് മലയാളികളുടെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സും. കഴിഞ്ഞ ആറു സീസണുകളിലായി കടം കൂട്ടുന്ന ടീമും കലിപ്പ് തീരത്ത ആരാധകരും ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നത്. അടിമുടി മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സീസണിന് ഒരുങ്ങുന്നത്.

കഴിഞ്ഞ ആറു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട പ്രധാന വിമർശനം സ്ഥിരതയില്ലായ്മയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി താരങ്ങളും പരിശീലകരുമാണ് ബ്ലാസ്റ്റേഴ്സിൽ വന്നുപോയത്. ഇത്തവണയും അത് ആവർത്തിച്ചു. എന്നാൽ  വരും സീസണുകൾ കൂടി മുന്നിൽ കണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ താരങ്ങളെ ടീമിലെത്തിച്ചിരിക്കുന്നതും പഴയ താരങ്ങളെ ഒഴിവാക്കിയതും.

കൃത്യമായ ഭാവിപദ്ധതിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാണ്. ആറ് സീസണുകളിലാണ് കൃത്യമായ പദ്ധതിയുള്ള മാനേജ്മെന്റ് സിസ്റ്റം ക്ലബ്ബിനുണ്ടായിരുന്നില്ല. അത് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്.

ഇതിൽ എടുത്തുപറയേണ്ടത് സ്‌പോട്ടിങ് ഡയറക്ടറുടെ നിയമനമാണ്. ആവശ്യാനുസരണം വിദേശ താരങ്ങളെയും പ്രാദേശിക താരങ്ങളെയും ടീമിലെത്തിക്കുക എന്ന സുപ്രധാന ചുമതല സ്‌പോട്ടിങ് ഡയറക്ടറുടേതാണ്. കഴിഞ്ഞ ആറു സീസണിലും ഇത് സിഇഒയാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ അത് കൂടുതൽ പ്രഫഷണലാകുന്നു. ലാത്വിയന്‍ ക്ലബ്ബ് എഫ്.സി സുഡുവയില്‍ നിന്ന് പരിചയസമ്പന്നനായ കരോളിസ് സ്‌കിന്‍കിസിനെയാണ് ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

ഇത്തവണ മികച്ച വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ കരോളിസ് സ്കിൻകിസിന്റെയും മുഖ്യ പരിശീലകൻ കിബു വിക്കൂനയുടെയും പദ്ധതികളാണ്. കോച്ചിന്റെ തന്ത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ ടീമിലെത്തിക്കേണ്ടത് ഒരു ടീമിനെ സംബന്ധിച്ചടുത്തോളം ഏറെ ആവശ്യമായ കാര്യമാണ്.

അന്താരാഷ്ട്ര പ്ലെയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിന്റെയും, ഹെഡ്കോച്ചിന്റെയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്.

കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരുക്കുകൾ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട് സ്റ്റാറ്റ് സ്പോർട്സുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അത്യാധുനികവും ഉപയോക്തൃ സൗഹൃദവുമായ സോൻറാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഇതിനായി ഉപയോഗിക്കുക. പരിശീലനം ഉൾപ്പെടെയുള്ള സമയങ്ങളിൽ കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം പരുക്ക് എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് സഹായകരമാകും.

ഹൂപ്പറും വിൻസന്റെയുമടക്കം പരിചയസമ്പന്നരായ വിദേശ താരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിനൊരുങ്ങുമ്പോൾ പല ടീമുകളും വിദേശ താരങ്ങളെ ഒഴിവാക്കുകയും കൊണ്ടുവരികയുമൊക്കെ ചെയ്തിരുന്നു. അതിലും എടുത്തുപറയേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനങ്ങളും സൈനിങ്ങുകളുമാണ്. കഴിഞ്ഞ സീസണിൽ നായകന്റെ കുപ്പായത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓഗ്ബച്ചെയുമായും ടീമിന്റെ ആദ്യ നാളുകൾ മുതൽ പ്രതിരോധത്തിലെ കൊമ്പനായിരുന്ന ജിങ്കനെയും ക്ലബ്ബ് കൈവിട്ടപ്പോൾ നിരശരായ ആരാധകർക്ക് അതിലും മികച്ച സർപ്രൈസായിരുന്നു ബ്ലാസ്റ്റേഴ്സ് ഒരുക്കി വച്ചത്.

സ്‌പാനിഷ് മിഡ്ഫീൽഡർ വിൻസന്റെ ഗോമസാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയ പ്രധാന താരങ്ങളിലൊരാൾ. 2015 മുതൽ 2018 വരെ ലാ ലീഗയിൽ കളിച്ച താരം മൂന്ന് വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ദീർഘകാല പദ്ധതിയിൽ നിർണായക പങ്കുവഹിക്കാൻ പോകുന്നത് ഈ താരമാണ്. നേരത്തെ അർജന്റീനിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫാകുണ്ടോ പെരേരയെയും ടീമിലെത്തിയിരുന്നു. സ്‌പാനിഷ് താരം സെർജിയോ സിഡോഞ്ചയെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ട്രാൻസഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ തവണ ഉയർന്നുകേട്ട പേരുകളിലൊന്ന് ഇംഗ്ലിഷ് താരം ഗാരി ഹൂപ്പറിന്റേതാണ്. അത് സത്യമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഏഴാം സീസണില്‍ ക്ലബ്ബിനായി കളിക്കുന്നത് പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പര്‍, ഏഴാം വയസില്‍ ടോട്ടനം ഹോട്‌സ്പര്‍ അക്കാദമിയില്‍ നിന്നാണ് ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ഓസ്ട്രേലിയൻ ലീഗിൽ വെല്ലിങ്ടൺ ഫിയോണിക്സിൽ നിന്നുമാണ് താരത്തിന്റെ ഐഎസ്എല്ലിലേക്കുള്ള വരവ്.

മുന്നേറ്റത്തിലും മധ്യനിരയിലും മികവുറ്റ താരങ്ങളെ അവതരിപ്പിച്ചപ്പോൾ പ്രതിരോധത്തിലും ഒരു വജ്രായുധം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സിംബാബ്‌വെ താരം കോസ്റ്റ. ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനുവേണ്ടി കളിച്ച താരം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കുന്തമുനയാണ്.

മിന്നും മലയാളി താരങ്ങൾ

മിഷൻ 2025 മുന്നിൽ കണ്ട് പദ്ധതി തയ്യാറാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട് മലയാളി താരം സഹൽ അബ്ദുൾ സമദാണ്. ഇന്ത്യൻ ദേശീയ ടീമിലടക്കം സ്ഥിരസാനിധ്യമായി കഴിഞ്ഞ സഹലുമായുള്ള കരാർ 2025 വരെ ക്ലബ്ബ് നീട്ടി. ഇതൊടൊപ്പം മറ്റൊരു മലയാളി താരം കെപി രാഹുലുമായും കരാർ അഞ്ച് വർഷത്തേക്ക് നീട്ടാൻ ക്ലബ്ബ് തീരുമാനിച്ചതും ഇതേ പദ്ധതിയുടെ ഭാഗമായിട്ടാണ്. കെ പ്രശാന്തുമായുള്ളതും അബ്ദുൾ ഹക്കുവുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് നീട്ടിയിട്ടുണ്ട്.

മിഷൻ 2025; ഇന്ത്യൻ യുവ കരുത്തും പരിചയ സമ്പന്നരായ വിദേശ താരങ്ങളും

2024-25 സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റെലഗേഷന്‍ ആരംഭിക്കും. അപ്പോഴേക്കും ശക്തമായ അടിത്തറയുള്ള ടീമിനെയുണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ ടീമിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിനായുള്ള കരാറുകളാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒപ്പുവച്ചിരിക്കുന്നതും. ടീമിലെ പുതിയ താരങ്ങളെയെല്ലാം ഒരു വർഷത്തെ കരാറിൽ ടീമിലെത്തിച്ചപ്പോൾ വിൻസന്റെയെന്ന സ്‌പാനിഷ് മധ്യനിര താരം മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. അതിന്റെയർത്ഥം സഹലിനും രാഹുലിനുമെല്ലാം വിൻസന്റെയിൽ നിന്ന് പലതും പഠിക്കാനാകും.

പ്രതിരോധത്തിലെ ഗോവൻ മതിൽ ജെസലുമായും കരാർ നീട്ടിയ ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിൽ നിന്ന് നിഷുകുമാറിനെയും എത്തിച്ച് വിങ്ങുകൾ ശക്തമാക്കി. ജീക്സന്‍ സിങ്ങും രോഹിത് കുമാറും മധ്യനിരയിൽ പ്രധാന തിളങ്ങാൻ സാധിക്കുന്ന യുവ ഇന്ത്യൻ താരങ്ങളാണ്.

കിബുവിന്റെ തന്ത്രങ്ങൾ

കഴിഞ്ഞ ഐ ലീഗിൽ മോഹൻ ബഗാനെ ചാംപ്യന്മാരാക്കിയ ശേഷമാണ് കിബു കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ കടവും ആരാധകരുടെ കലിപ്പും തീർക്കേണ്ട ഉത്തരവാദിത്വം കിബുവിനുണ്ട്. അതിനുള്ള വ്യക്തമായ തന്ത്രങ്ങൾ മെനയുകയാണ് കിബു.

4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്. സൂപ്പർ താരങ്ങളേക്കാൾ കിബു വിശ്വാസമർപ്പിക്കുന്നത് തന്റെ തന്ത്രങ്ങളോട് പൊരുത്തപ്പെട്ടു പോകുന്ന താരങ്ങളെയാണ്. വ്യക്തികളേക്കാൾ ടീമിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഓഗബച്ചെയും ജിങ്കനുമെല്ലാം തുറന്ന വാതിലിലൂടെ പുറത്തേക്ക് പോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook