മികച്ച ആരാധക പിന്തുണയും പേരുകേട്ട പരിശീലകരും മിന്നും താരങ്ങളും വന്നുപോയെങ്കിലും അഭിമാനിക്കാവുന്ന നേട്ടമൊന്നും ഇതുവരെ സ്വന്തമാക്കാൻ സാധിക്കാത്ത ക്ലബ്ബാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്. റണ്ണേഴ്സ്അപ്പുകളായ രണ്ടു സീസൺ മാറ്റിനിർത്തിയാൽ തീർത്തും നിറംമങ്ങിയ, നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റേത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു സീസണുകളിൽ. ഒരു ഘട്ടത്തിൽ ടീമിലെ പന്ത്രണ്ടാമൻ എന്ന് അറിയപ്പെട്ടിരുന്ന ആരാധകർ പോലും ടീമിനെ കൈവിട്ടു. അവർ അത്രത്തോളം നിരാശരാക്കപ്പെട്ടിരുന്നുവെന്ന ന്യായമായ കാരണവുമുണ്ട്.

ആറാം പതിപ്പിലേക്ക് എത്തുമ്പോൾ അസാധാരണമായ ചില മാറ്റങ്ങൾ വ്യക്തമാണ്. എവിടെയൊക്കയോ പ്രതീക്ഷയ്ക്ക് വകനൽകുന്ന ഒരുപിടി നീക്കങ്ങൾ. മുഖ്യ പരിശീലകൻ ഷട്ടോരിയിൽ തുടങ്ങുന്ന മാറ്റം, പ്ലെയർ സൈനിങ്ങുകളിലും പ്രീസീസണിലുമെല്ലാം വ്യക്തമായിരുന്നു. ഇനി കാണേണ്ടത് ഐഎസ്എല്ലിന്റെ മൈതാനത്താണ്. കന്നി കിരീടത്തിലേക്ക് ടീമിനെ ഈ മാറ്റങ്ങൾ നയിക്കുമോയെന്നാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ഫുട്ബോൾ പ്രേമിയും കാത്തിരിക്കുന്നത്.

Also Read: ISL: കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ഷട്ടോരിയെന്ന തന്ത്രശാലി

കഴിഞ്ഞ അഞ്ചു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തിയത് ഏഴ് പരിശീലകർ. ഇവരിൽ ഡേവിഡ് ജെയിംസ് രണ്ടു തവണ വന്നു. ഇതുവരെ മൂന്ന് പരിശീലകരെയാണ് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്. രണ്ടു സീസണുകൾ പൂർത്തിയാക്കാൻ ഇതുവരെ ഒരു പരിശീലകനും സാധിച്ചിട്ടില്ല. ഇങ്ങനെ ആശാന്മാർ കളം വിട്ട കളരിയിലേക്കാണ് ഈൽക്കോ ഷട്ടോരിയെന്ന ഡച്ച് പരിശീലകന്റെ കടന്നുവരവ്. എന്നാൽ മേൽപ്പറഞ്ഞ പട്ടികയിൽ തന്റെ പേരുണ്ടാകില്ലയെന്ന സൂചനകളാണ് തുടക്കത്തിൽ ഷട്ടോരി നൽകുന്നത്. തന്ത്രശാലിയാണ് ഷട്ടോരി. തന്റെ തന്ത്രങ്ങൾക്കനുസരിച്ച് വിവിധ പൊസിഷനുകളിൽ കളിക്കാൻ സാധിക്കുന്ന താരങ്ങളെയും ടീമിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനി കണക്കുകൂട്ടിയും കിഴിച്ചും ഷട്ടോരി തയ്യാറാക്കുന്ന പ്ലാൻ എയും ബിയും സിയും മൈതാനത്ത് വിജയിക്കുമോയെന്നാണ് കാണേണ്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ആക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച പരിശീലകനാണ് ഈൽകോ ഷാട്ടോരി. പരിശീലകനെന്ന നിലയിൽ രണ്ടരപ്പതിറ്റാണ്ടിനടുത്തായി ഷട്ടോരി ഫുട്ബോൾ മൈതാനത്തുണ്ട്. ഇന്ത്യയിലേക്ക് ഷട്ടോരിയുടെ രണ്ടാം വരവാണിത്. 1996ൽ ഹോളണ്ടിലെ വെൻലോ ക്ലബ്ബിന്റെ കെയർടേക്കറും യൂത്ത് സിസ്റ്റത്തിന്റെ ടെക്നിക്കൽ ഡയറക്ടറുമായിട്ടാണ് ഷട്ടോരിയുടെ തുടക്കം. പിന്നീട് അൽ ജസീറയും മസ്ക്റ്റ് ക്ലബ്ബും അൽ ഖാലിജും റെഡ് ബുൾ ഖാനയും ഉൾപ്പടെ വിവിധ ക്ലബ്ബുകളിൽ വിവിധ റോളുകൾ. 2012ലാണ് ഷട്ടോരി ഇന്ത്യയിലെത്തുന്നത്. കൊൽക്കത്ത കേന്ദ്രീകരിച്ചിരുന്ന യുണൈറ്റഡിൽ രണ്ടുവർഷത്തെ സേവനം. 2015ൽ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി.

Also Read: ISL: വീണ്ടും കാൽപ്പന്ത് ആരവം; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

അടുത്ത സീസണിൽ തന്റെ പഴയ ക്ലബ്ബായ അൽ എത്തിഫാഖിലേക്ക് മടങ്ങിയ ഷട്ടോരി 2018ലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഐഎസ്എൽ എന്ന ഇന്ത്യയുടെ മാറുന്ന ഫുട്ബോൾ കാഴ്ചയുടെയും അനുഭവത്തിന്റെയും ലോകത്തേക്കായിരുന്നു ഷട്ടോരി എത്തിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫ് വരെയെത്തിക്കാൻ ഷട്ടോരിയുടെ തന്ത്രങ്ങൾക്കായി. എതിരാളിയുടെ ഗോൾമുഖത്തേക്ക് നൈജീരിയൻ കരുത്ത് ബെർത്തോലോമിയോ ഓഗ്ബച്ചേ ഗോൾവർഷം തീർക്കുമ്പോൾ അത് മൈതാനത്തിന്റെ ഇടത്തേവശത്തെ വെള്ളവരയ്ക്കപ്പുറം നിന്ന് ഷട്ടോരി തീർത്ത തന്ത്രങ്ങളുടെ പൂർത്തികരണമായിരുന്നു. അതേ തന്ത്രശാലിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധികേന്ദ്രം. ദി പ്ലേമേക്കർ.

ബോക്‌സിൽനിന്ന് ഗോൾവലയിലേക്ക്; ടീമിൽ അടിമുടി മാറ്റവുമായി ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്തുലിതമായ ഒരു ടീമാണ് ഇത്തവണത്തേത് എന്ന് പറയാം. വിദേശികളും സ്വദേശികളുമായി വിവിധ പൊസിഷനുകളിൽ കളിക്കാൻ സാധിക്കുന്ന ഒരുകൂട്ടം താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. 4-2-3-1 എന്ന ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്ന ഷട്ടോരിയെന്ന പരിശീലകന് വേണ്ട ആയുധങ്ങളെല്ലാം ടീമിലുണ്ടെന്ന് പറയാം. യുഎഇയിലും കേരളത്തിലുമായി കളിച്ച പ്രീസീസൺ മത്സരങ്ങളിൽനിന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ 25 അംഗ ടീമിനെ നേരത്തെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇനി കൃത്യമായ ഫോർമേഷനിൽ ആദ്യ ഇലവനെയും സബ്സ്റ്റിറ്റ്യൂട്ടുകളെയും മൈതാനത്ത് ഇറക്കിയാൽ മതി.

മൂന്ന് ഗോളിമാർ, എട്ട് ഡിഫൻഡർമാർ, പത്തു മിഡ് ഫീൽഡർമാർ, നാല് ഫോർവേർഡ് കളിക്കാർ എന്നിവരടങ്ങുന്ന 25അംഗ ടീമിനെയാണ് പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ഷട്ടോരിക്കൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്നു കേരളത്തിലേക്കെത്തിയ ഓഗ്ബച്ചെയാണ് ടീമിന്റെ നായകൻ. മുതിർന്ന താരം ടി.പി.രഹ്നേഷ്, സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ഉൾപ്പടെ ഏഴ് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഗോൾവലകാക്കുന്ന റാഡിക്കൽ ദൈവങ്ങൾ

മുൻനായകനും പരിശീലകനുമായ ഡേവിഡ് ജെയിംസ് ഉൾപ്പടെ പേരുകേട്ട നിരവധി താരങ്ങൾ കാവൽനിന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവലയ്ക്ക് പുതിയ സീസണിൽ കാവലാകാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മൂന്ന് പേരാണ്. മലയാളി താരങ്ങളായ ടി.പി.രഹ്നേഷും ഷിബിൻ രാജും ഒപ്പം ഉത്തർപ്രദേശുകാരൻ ബിലാൽ ഖാനും. കഴിഞ്ഞ അഞ്ചു സീസണുകളിലും നോർത്ത് ഈസ്റ്റിന്റെ ഭാഗമായിരുന്ന ടി.പി.രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾകീപ്പറായേക്കും. ഒരു ഘട്ടത്തിൽ ബിലാൽ ഖാനെയും ആദ്യ ഇലവനിൽ കണ്ടാൽ ആശ്ചര്യപെടേണ്ടതില്ല.

ഗോൾകീപ്പർമാർ:

1. ഷിബിൻ രാജ്
2. ടിപി രഹനേഷ്
3. ബിലാൽ ഖാൻ

ഉരുക്കുകോട്ട തീർക്കുന്ന പ്രതിരോധം

കേരള ബ്ലാസ്റ്റേഴ്സ് എന്നും പേരുകോട്ടിരിക്കുന്നത് ഉരുക്കുകോട്ടപോലെയുള്ള അതിന്റെ പ്രതിരോധത്തിലാണ്. അതിനുള്ള കാരണം സന്ദേശ് ജിങ്കനെന്ന ഇന്ത്യൻ താരവുമാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച ജിങ്കൻ ഇത്തവണയും ടീമിന്റെ പ്രധാന കരുത്തായിരിക്കമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ജിങ്കന് പരുക്ക് പറ്റി. ആദ്യ മത്സരങ്ങൾ നഷ്ടമായാലും വേഗം തന്നെ ടീമിനൊപ്പം ചേരാൻ താരത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ജിങ്കനുൾപ്പെടെ എട്ടു താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലുള്ളത്.

Also Read: സന്ദേശ് ജിങ്കനു പരുക്ക്; സീസൺ തുടങ്ങുന്നതിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി

ജിങ്കന്റെ അഭാവത്തിൽ ഡച്ചുകാരൻ ഗിയാനി സ്യൂവർലൂണിനായിരിക്കും പ്രതിരോധത്തിന്റെ മുഖ്യചുമതല. വിങ് ബാക്കുകളായി മുഹമ്മദ് റാക്കിപും ലാൽ റുവത്താരയും എത്തും. ബ്രസീലിയൻ താരം ജെയ്റോ റോഡ്രിഗസ് ടീമിലെ അഞ്ചാം വിദേശതാരമായ പ്രതിരോധത്തിലെത്താനും സാധ്യതയുണ്ട്. അബ്ദുൾ ഹക്കുവാണ് പ്രതിരോധത്തിലെ മലയാളി സാനിധ്യം.

പ്രതിരോധം:

1. പ്രീതം കുമാർ സിങ്
2 മുഹമ്മദ്‌ റാക്കിപ്
3.ജെസ്സെൽ കാർണയ്റോ
4. അബ്ദുൾ ഹക്കു
5. ജെയ്റോ റോഡ്രിഗസ്
6. സന്ദേശ് ജിങ്കാൻ
7. ഗിയാനി സ്യുവർലൂൺ
8. ലാൽ റുവത്താര

കളിമെനയുന്ന മധ്യനിര

സുശക്തമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര. തന്ത്രങ്ങൾ മെനയുന്ന മധ്യനിരയിൽ പ്രധാന കരുത്ത് കഴിഞ്ഞ സീസണിലെ എമേർജിങ് പ്ലെയറും ഇന്ത്യൻ സീനിയർ ടീമിലെ സ്ഥിര സാനിധ്യവുമായ സഹൽ അബ്ദുൾ സമദാണ്. ഒപ്പം സിനഗൽ താരം മുഹമ്മദ് മുസ്തഫ നിങ്ങും സ്‌പാനിഷ് താരം മരിയോ ആർക്യൂസും പന്തു തട്ടും. ജീക്സൺ സിങ്ങിനെയും ഹോളിചരൻ നർസാരിയെയും പ്ലെയിങ് ഇലവനിൽ പ്രതീക്ഷിക്കാം. മലയാളി താരങ്ങളായ കെ.പ്രശാന്ത്, കെ.പി.രാഹുൽ എന്നിവരും കളിക്കാൻ സാധ്യതയുള്ള താരങ്ങളാണ്. രാഹുൽ ഫോർവേഡ് ആണെങ്കിലും മധ്യനിരയിൽ ഗോളവസരം സൃഷ്ടിക്കാൻ രാഹുലിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

മധ്യനിര:

1. മുഹമ്മദ്‌ മുസ്‌തഫ നിങ്
2. സാമുവേൽ ലാൽ മുവാൻപുയ
3. ഡാരൻ കാൽഡെയ്‌റ
4. സെയ്‌ത്യ സെൻ സിങ്
5. കെ.പ്രശാന്ത്
6. മരിയോ ആർകെയ്സ്
7. സഹൽ അബ്ദുൾ സമദ്
8. സെർജിയോ സിഡോഞ്ഞ
9. ഹലി ചരൺ നർസാരി
10. ജീക്സൺ സിങ് തനോജം

അക്രമണത്തിന്റെ ചൂടും വേഗതയുമുള്ള മുന്നേറ്റം

നായകൻ ബെർത്തോലോമിയോ ഓഗ്ബച്ചെയ്ക്കാണ് അറ്റാക്കിങ്ങിന്റെ ചുമതല. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനം ബ്ലാസ്റ്റേഴ്സിലും തുടർന്നാൽ നായകന്റെ മികവിൽ കേരളത്തിന് കിരീടം പ്രതീക്ഷിക്കാം. കാമറൂൺ താരം റാഫേൽ മെസി പകരക്കാരനാകും. രണ്ടാം വരവിൽ മലയാളി താരം മുഹമ്മദ് റാഫിയും മികച്ച അവസരത്തിനായി മുന്നേറ്റത്തിലുണ്ടാകും.

മുന്നേറ്റനിര

1. റാഫേൽ മെസ്സി ബൗളി

2. രാഹുൽ കെ പി

3. ബർത്തലോമിയോ ഓഗ്‌ബെച്ചേ

4. മുഹമ്മദ്‌ റാഫി

പന്ത്രണ്ടാമൻ മഞ്ഞപ്പട

ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എന്ന ക്ലബ്ബ് അവതരിച്ചത് മുതൽ ടീമിനൊപ്പമുണ്ട് പന്ത്രണ്ടാമൻ എന്ന ആരാധക സംഘം. ലോകത്തിന്റെ ഏത് കോണിൽ ഫുട്ബോൾ മത്സരം നടന്നാലും അത് മാഡ്രിഡിലാണെങ്കിലും മ്യൂണിച്ചിലാണെങ്കിലും മഞ്ഞപ്പടയുടെ ബാനറുമേന്തി അവരുണ്ടാകും. പിന്നെ കേരളത്തിലെ കാര്യം പറയണ്ടല്ലോ. കഴിഞ്ഞ അഞ്ചു സീസണുകളിലായി 16.21 ലക്ഷം കാണികളാണ് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധിച്ച് ആരാധകർ വിട്ടുനിന്നെങ്കിലും പിന്നീട് മടങ്ങിയെത്തി. ക്ലബ്ബും ആരാധകരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വിവിധ പരിപാടികളും മാനേജ്മെന്റ് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും ഗ്യാലറിയിൽ പന്ത്രണ്ടാം നമ്പർ ജേഴ്സ് ഉണ്ടാകും. ശക്തിയായി, ആഘോഷമായി.

സാഹചര്യങ്ങളെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. പ്രതിരോധത്തിലൂന്നിയ ശൈലിക്ക് ഷട്ടോരി മാറ്റം വരുത്തുന്നതോടെ പലതും പ്രതീക്ഷിക്കാം, ഒരു കിരീടം തന്നെ. എന്നാൽ പ്രതീക്ഷയുടെ അമിതഭാരം വേണ്ട. കാരണം ഇതൊരു മത്സരമാണ്. തോൽവിയും ജയവും ഇതിന്റെ ഭാഗമാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലയെന്നതും എടുത്തുപറയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook