കൊച്ചി: ഫുട്ബോൾ വാങ്ങാൻ യോഗം ചേർന്ന് പണം പിരിക്കാൻ പദ്ധതിയിട്ട കുട്ടിക്കൂട്ടത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കായിക പ്രേമികളെ മാത്രമല്ല ഏതൊരാളുടെയും മനസ് തൊടുന്നതായിരുന്നു കുട്ടികളുടെ യോഗവും സംസാരവും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സ്വപ്നമായിരുന്ന ഫുട്ബോൾ സമ്മാനിക്കാൻ നിരവധി ആളുകൾ രംഗത്തെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിതാരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുകാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

ഫുട്ബോൾ എല്ലാവർക്കുമാണെന്ന വാചകത്തോടെയുള്ള തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുട്ടികളെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ലക്ഷ്യത്തിലെത്താനുള്ള കുട്ടികളുടെ പാഷൻ തങ്ങൾക്കും പ്രചോദനമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു. വീഡിയോ പങ്കുവച്ച സുശാന്ത് നിലമ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിച്ചു.

നിലമ്പൂരിലെ തന്റ വീടിനടുത്തുള്ള പറമ്പിൽ കുറച്ച് കുട്ടികൾ ചേർന്ന് ഫുട്ബോൾ വാങ്ങുന്നതിന് പണം പിരിക്കുന്നത് സംബന്ധിച്ച് യോഗം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സുശാന്ത് ക്യാമറയിൽ പകർത്തിയത്. തെങ്ങിന്റെ മടൽ കുത്തിവച്ച്, അതിലൊരു കമ്പ് വച്ചുണ്ടാക്കിയ മൈക്കും, പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുള്ള പൊന്നാടയുമെല്ലാം രസകരമാണ്.

വളരെ ജനാധിപത്യപരമാണ് അവരുടെ ചർച്ചകൾ. ഓരോ ദിവസവും മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച്, ആഴ്ചയിൽ പത്തുരൂപ വച്ച് പിരിക്കുക എന്നതാണ് തീരുമാനം. പ്രസിഡന്റും സെക്രട്ടറിയുമുണ്ട് ഇക്കൂട്ടത്തിൽ. ഓരോ നിർദേശങ്ങൾ മുന്നോട്ട് വച്ചതിന് ശേഷം എല്ലാവരോടും അഭിപ്രായം ചോദിക്കുകയും, വിയോജിപ്പുകളുണ്ടെങ്കിൽ പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ കൂട്ടത്തിലെ മിടുക്കരായ കൂട്ടുകാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ മറക്കുന്നില്ല. മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവര്‍കൊണ്ട് ‘പൊന്നാട’ അണിയിക്കുകയാണ് കുട്ടികള്‍. കൂട്ടത്തിൽ സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുള്ള ഒരു കുട്ടി പ്രസംഗിക്കാനായി മുന്നോട്ട് വരുമ്പോൾ പ്രസിഡന്റും സെക്രട്ടറിയും പറയുന്നുണ്ട്, അവന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്, ആരും കളിയാക്കരുത്, ധൈര്യത്തോടെ മുന്നോട്ട് വന്ന ആളാണ് എന്നൊക്കെ. ഓരോരുത്തരും വന്ന് സംസാരിച്ച് പോകുമ്പോൾ വലിയ കയ്യടിയാണ് കുട്ടിക്കൂട്ടം നൽകുന്നത്. ഫുട്ബോൾ മാത്രമല്ല, ജഴ്സിയും വാങ്ങുന്നുണ്ട് ഇവർ. കൂട്ടത്തിൽ ഒരു മിടുക്കിക്കുട്ടിയും ഉണ്ട്.

അതേസമയം, കുട്ടികൾക്ക് പന്തുമായി വെയ്ക്ക ഫുട്ബോൾ അക്കാദമിയിലെ സ്‌പാനിഷ് പരിശീലകൻ അവരെ കാണാനെത്തി. ആ വീഡിയോയും സുശാന്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook