കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആരാധകർക്ക് എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ച് ക്ലബ്ബ്. ‘കെബിഎഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്‌’ എന്ന പേരിലാണ് ആരാധകരെ സഹകരിപ്പിച്ചുകൊണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കെ‌ബി‌എഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്‌ സ്വന്തമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാൻ കൂടുതൽ അവസരം ലഭിക്കും.

അംഗത്വം എടുക്കുന്ന ആരാധകർക്കു പ്രത്യേക അവസരങ്ങൾ ലഭ്യമാകും. ഹോം മാച്ചുകൾ നടക്കുന്ന സ്റ്റേഡിയത്തിൽ ഏറ്റവുമാദ്യം മികച്ച സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിനു സാധിക്കും. കെ‌ബി‌എഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്‌ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന ആക്സസ് കോഡ് ഉപയോഗിച്ച് പേടിഎം ഇൻസൈഡർ (PAYTM/Insider.in) ആപ്ലിക്കേഷനിലൂടെ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം. കൂടാതെ ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുളള അവസരവും ലഭിക്കും.

Also Read: ISL: ഷട്ടോരിയുടെ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു

കെബിഎഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്‌ സ്വന്തമാക്കുന്നവർക്ക് കെബിഎഫ്‌സി മെംബഷിപ് കിറ്റ് ക്ലബ് നൽകുന്നുണ്ട്. കൂടാതെ കെബിഎഫ്‌സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, ക്ലബ്ബിന്റെ മറ്റ് വ്യാപാര പങ്കാളികളിൽ നിന്നും മികച്ച ഓഫറുകൾ, ഇഷ്ട കളിക്കാരുടെ ചിത്രങ്ങൾ, വീഡിയോകൾ, ക്ലബ്ബിന്റെ പ്രഖ്യാപനങ്ങൾ, ന്യൂസ്‌ ലെറ്ററുകൾ, മറ്റ് മത്സര പദ്ധതികൾ എന്നിവയും ലഭ്യമാകും.

Also Read: ISL: പുതിയ അങ്കത്തിന് പുതിയ പടച്ചട്ട; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചു

“ഏത് ഫുട്ബോൾ ക്ലബ്ബിനും അവകാശപ്പെടാൻ കഴിയുന്നതിനേക്കാൾ മികച്ച പിന്തുണ നൽകുന്ന ആരാധകർ ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ആരാധകർക്ക് ക്ലബിനോടൊപ്പമുള്ള അവരുടെ യാത്രയുടെ ഓരോ നിമിഷങ്ങളും അവിസ്മരണീയമാക്കുന്നതിന് അവരെ ക്ലബ്ബുമായി ഒരു പടികൂടി അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സംരംഭങ്ങളും,” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടിക്കറ്റിങ്, മെംബർഷിപ്, ഫാൻ-എൻഗേജ്‌മെന്റ് മേധാവി സന്ദീപ് ജാദവ് പറയുന്നു.

ആരാധകർക്ക് 2019 ഒക്ടോബർ എട്ടു മുതൽ 999 രൂപനിരക്കിൽ //www.keralablastersfc.in/ എന്ന വെബ്സൈറ്റ് വഴി കെബിഎഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്‌ അംഗത്വം നേടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook