scorecardresearch
Latest News

ലൂണ മാജിക് തുടരും; കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണിൽ തന്ന ആറ്‌ ഗോളുകൾ നേടിയ ലൂണ ഏഴ്‌ ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു

Adrian Luna, Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ നെടുംതൂൺ അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാർ പുതുക്കി മാനേജ്‍മെന്റ്. രണ്ടു വർഷത്തേക്കാണ് കരാർ പുതുക്കിയത്. കഴിഞ്ഞ സീസണിൽ രണ്ടു വർഷത്തെ കരാറിൽ ടീമിലെത്തിയ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ 2024 വരെ ക്ലബ്ബിൽ തുടരുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായിട്ടായിരുന്നു അഡ്രിയാൻ ലൂണ കഴിഞ്ഞ സീസൺ ആരംഭിച്ചത്. പിന്നീട്‌ ജെസെൽ കർണെയ്‌റോ പരുക്കേറ്റതോടെ ക്യാപ്‌റ്റനായി. ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണിൽ തന്ന ആറ്‌ ഗോളുകൾ നേടിയ ലൂണ ഏഴ്‌ ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഫൈനലിലേക്ക് ഉള്ള യാത്രയിൽ താരം നിർണായക പങ്കാണ് വഹിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന ലൂണ കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്‌എൽ ഓഫ്‌ ദി ഇയർ ടീമിലും ഇടംനേടിയിരുന്നു.

“മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കെബിഎഫ്‌സിയുമായുള്ള കരാർ പുതുക്കിയതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിലെ എന്റെ ആദ്യ അനുഭവം അനുപമമായിരുന്നു. ക്ലബിനൊപ്പമുള്ള എന്റെ അടുത്ത മൂന്ന് വർഷം വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ കളിയിലും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണിൽ ടീമിന് വേണ്ടി മികച്ചത് നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ലൂണ പറഞ്ഞു.

ലൂണ ടീമിനൊപ്പം തുടരുന്നത് പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്വാഗതം ചെയ്തു. “കഴിഞ്ഞ സീസണിൽ ഞാൻ പറഞ്ഞപോലെ അഡ്രിയാൻ ക്ലബ്ബിന്‌ ഏറ്റവും യോജിച്ച കളിക്കാരനായിരുന്നു. ഐഎസ്‌എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്‌. മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്‌. കരാർ നീട്ടിയതിൽ ഞങ്ങളെല്ലാവരും ആവേശത്തിലാണ്‌. അടുത്ത സീസണിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നതിൽ സന്തോഷമുണ്ട്. ആ മഞ്ഞക്കടലിനു മുന്നിൽ കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്‌ അദ്ദേഹമെന്നും എനിക്ക് ഉറപ്പുണ്ട്” ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.

“ഞങ്ങളുടെ ക്ലബ്ബിൽ ദീർഘകാലത്തേക്ക്‌ അഡ്രിയാൻ കാട്ടുന്ന പ്രതിബദ്ധതയിൽ എനിക്ക് സന്തോഷമുണ്ട്. ലൂണ ഒരു യഥാർഥ നേതാവും പോരാളിയും വലിയ വ്യക്തിത്വവുമാണ്. അദ്ദേഹത്തെപ്പോലെ കൂടുതൽ കളിക്കാർ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി കരാർ നീട്ടിയത് ക്ലബ്ബിന്റെ വലിയ നേട്ടമാണ്, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”, കരാർ നീട്ടിയതിലെ ആഹ്‌ളാദം പങ്കുവച്ചുകൊണ്ട്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ്‌ പറഞ്ഞു.

അടുത്ത സീസണു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഈ സീസണിൽ വിക്ടർ മോംഗിൽ, ഇവാൻ കലിയൂഷ്‌നി, ജിയാനു അപ്പോസ്‌തലോസ്‌ തുടങ്ങിയ നിരവധി പുതിയ വിദേശ കളിക്കാരെയാണ് ക്ലബ്ബ് ഇതിനകം ടീമിലെത്തിച്ചത്. അതേസമയം, ബിജോയ് വർഗീസ്, ജീക്‌സൺ സിങ്‌, മാർക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്‌, സന്ദീപ് സിങ്‌ എന്നിവരുമായുള്ള കരാറും ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലനം ആരംഭിക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala blasters fc has extended contract with adrian luna