ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സും അവസാനവട്ട ഒരുക്കങ്ങളിലാണ്. മുൻ സീസണുകളിൽ പഴികേട്ട പല പ്രശ്നങ്ങൾക്കും ബ്ലാസ്റ്റേഴ്സ് ഇത്തവണ പരിഹാരം കണ്ടെത്തി കഴിഞ്ഞു എന്ന് മാത്രമല്ല ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയും മഞ്ഞപ്പടയുടെ അണിയറയിൽ സജ്ജമാണ്. കിബു വികുനയുടെ തന്ത്രങ്ങളും കരോളിസ് സ്കിൻകിസ് എന്ന സ്‌പോട്ടിങ് ഡയറക്ടറുടെ പദ്ധതികളും ഈ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലോകോത്തര നിലവാരത്തിലുള്ള ക്ലബ്ബാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കിരീടം മാത്രമല്ല ലക്ഷ്യമെന്ന് സ്കിൻകിസ് വ്യക്തമാക്കുമ്പോഴും ആരാധകരുടെ കലിപ്പടക്കാൻ മികച്ച പ്രകടനം ടീമിൽ നിന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ ഐ ലീഗിൽ മോഹൻ ബഗാനെ ചാംപ്യന്മാരാക്കിയ ശേഷമാണ് കിബു കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ കടവും ആരാധകരുടെ കലിപ്പും തീർക്കേണ്ട ഉത്തരവാദിത്വം കിബുവിനുണ്ട്. അതിനുള്ള വ്യക്തമായ തന്ത്രങ്ങൾ മെനയുകയാണ് കിബു. 4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്. സൂപ്പർ താരങ്ങളേക്കാൾ കിബു വിശ്വാസമർപ്പിക്കുന്നത് തന്റെ തന്ത്രങ്ങളോട് പൊരുത്തപ്പെട്ടു പോകുന്ന താരങ്ങളെയാണ്. വ്യക്തികളേക്കാൾ ടീമിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഓഗബച്ചെയും ജിങ്കനുമെല്ലാം തുറന്ന വാതിലിലൂടെ പുറത്തേക്ക് പോയത്.
സേവ് ദി ‘ഗോൾ’കീപ്പഴ്സ്
ഇനി സ്ക്വാഡിലേക്ക് വരാം. ഡേവിഡ് ജെയിംസ് അടക്കമുള്ള ഇതിഹാസ താരങ്ങൾ ഗോൾവല കാത്ത ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഗോൾകീപ്പർമാർ നാലു പേരാണ്. നാലും ഇന്ത്യൻ താരങ്ങൾ തന്നെയാണെന്നത് എടുത്ത് പറയാണം. ഒന്നാം നമ്പർ ഗോൾകീപ്പറായി എത്തുക ആൽബിനോ ഗോമസ് എന്ന ഗോവൻ താരമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി, ഡൽഹി ഡൈനാമോസ്, ഒഡിഷ എഫ് സി എന്നീ ടീമുകളുടെ ഭാഗമായിരുന്ന താരം പട്ടികയിലെ പ്രഥമൻ ആകാൻ കാരണം മറ്റ് ഗോൾകീപ്പർമാർ തന്നെയാണ്. ബിലാൽ ഖാൻ, മുഹിത് ഖാൻ, പ്രബ്ശുഖൻ ഗിൽ എന്നിവരാണ് മറ്റ് ഗോൾകീപ്പർമാർ.
പ്രതിരോധത്തിന്റെ ആഫ്രിക്കൻ കോട്ട
പ്രതിരോധമായിരുന്നു കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കരുത്ത്. എന്നാൽ കഴിഞ്ഞ സീസണിൽ കേരളത്തിന്റെ പ്രതിരോധ മതിലിലെ വിള്ളലുകളാണ് പല മത്സരങ്ങളിലും ടീമിനെ തോൽവിയിലേക്ക് നയിച്ചത്. ഇത്തവണ അതിന് പരിഹാരം കണ്ടെത്താൻ കരോളിസ് സ്കിൻകിസിന് സാധിച്ചിട്ടുണ്ട്. ബക്കാരി കോനെ – കോസ്റ്റ എന്നീ ആഫ്രിക്കൻ കരുത്താകും സെൻട്രൽ ഡിഫൻസിൽ എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിക്കുക. മലയാളി താരം അബ്ദുൾ ഹക്കുവായിരിക്കും ഇവരുടെ പകരക്കാരനായി പ്ലെയിങ് ഇലവനിൽ എത്തുക. ആദ്യ ഇലവനിൽ താരമെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ സീസണുകളിലേക്കാൾ അവസരം ഇത്തവണ താരത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒറ്റ സീസണിലെ പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ ജെസൽ കർണെയ്റോയും ബെംഗളൂരു എഫ്സിയിൽ നിന്നുമെത്തിയ നിഷു കുമാറുമാണ് വിങ്ങുകളിൽ എതിരാളികളുടെ മുന്നേറ്റം തടുക്കുക. കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ വിശ്വസ്തരാണ് ഇരുവരും. ഇവരുടെ പകരക്കാരനായി ലാൽറുഅത്താരയും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സന്ദീപ് സിങ്ങാണ് പ്രതിരോധത്തിലെ മറ്റൊരു ഇന്ത്യൻ സാനിധ്യം.
തന്ത്രങ്ങളുടെ മധ്യനിര
സ്‌പാനിഷ് ലീഗിലെ അനുഭവസമ്പത്തുമായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിയിരിക്കുന്ന വിസന്റെ ഗോമസാണ് മധ്യനിരയിലും മൈതാനത്ത് മൊത്തത്തിലും കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ മെനയുക. ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ സ്‌പാനിഷ് താരത്തിനൊപ്പം രോഹിത് കുമാറും ജീക്സൻ സിങ്ങും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായമണിയും.
ഒരുകൂട്ടം മലയാളി താരങ്ങളാണ് മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി, പ്രശാന്ത് മോഹൻ, അർജുൻ ജയരാജ്. അഞ്ച് വർഷമായി കരാർ ഉയർത്തിയ രാഹുലും സഹലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പദ്ധതികളിലെ സുപ്രധാന കണ്ണികളാണെന്ന് വ്യക്തമാണ്. ഈ സീസണിലും ഇരുവർക്കും ടീമിൽ നിർണായക റോളാണുള്ളത്. വേഗതകൊണ്ടും കിടിലൻ ക്രോസുകൾകൊണ്ടും കഴിഞ്ഞ സീസണിൽ ആരാധകരെ രസിപ്പിച്ച പ്രശാന്തിനും കളിയിലെ നിർണായക ഘട്ടങ്ങളിൽ ഒരു സൂപ്പർ സബ് ആകാനും സാധിക്കുന്ന അർജുൻ ജയരാജിനും കിബുവിന്റെ തന്ത്രങ്ങളിൽ പ്രധാന റോളാകുമുണ്ടാവുക.
കിബുവിന്റെ തന്ത്രങ്ങൾ നന്നായി അറിയാവുന്ന നെങ്ദാമ്പ നോറോമും കോച്ചുമായി മികച്ച ആശയവിനിമയം നടത്തി കളിയുടെ ഗതി മാറ്റിവിടാൻ സാധിക്കുന്ന സെയ്ത്യസെൻ സിങ്ങും മധ്യനിരയിലെ വടക്ക് കിഴക്കൻ സാനിധ്യമാകുമ്പോൾ കഴിഞ്ഞ സീസണിൽ മധ്യനിരയിൽ ഒറ്റയാൾ പോരാട്ടവുമായി തിളങ്ങിയ സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയും ഇത്തവണ ടീമിലുണ്ട്.
മൂർച്ചയുള്ള മുന്നേറ്റം
ഇംഗ്ലിഷ് താരം ഗ്യാരി ഹൂപ്പർ നയിക്കുന്ന മുന്നേറ്റ നിരയിൽ ജോർദാൻ മുറേയാകും താരത്തിന്റെ പകരക്കാരനാവുക. ഇവർഡ തമ്മിലുള്ള കോമ്പിനേഷന് കോച്ച് തയ്യാറാകുമോയെന്നും കണ്ടറിയണം. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങാൻ സാധിക്കുന്ന ഫകുണ്ടോ പെരേരയാണ് മറ്റൊരു വിദേശ താരം.
ബ്ലാസ്റ്റേഴ്സിന്റെ ചാണക്യന്മാർ
ആറ് സീസണുകളിലാണ് കൃത്യമായ പദ്ധതിയുള്ള മാനേജ്മെന്റ് സിസ്റ്റം ക്ലബ്ബിനുണ്ടായിരുന്നില്ല. അത് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്.ഇതിൽ എടുത്തുപറയേണ്ടത് സ്‌പോട്ടിങ് ഡയറക്ടറുടെ നിയമനമാണ്. ആവശ്യാനുസരണം വിദേശ താരങ്ങളെയും പ്രാദേശിക താരങ്ങളെയും ടീമിലെത്തിക്കുക എന്ന സുപ്രധാന ചുമതല സ്‌പോട്ടിങ് ഡയറക്ടറുടേതാണ്. കഴിഞ്ഞ ആറു സീസണിലും ഇത് സിഇഒയാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ അത് കൂടുതൽ പ്രഫഷണലാകുന്നു. ലാത്വിയന്‍ ക്ലബ്ബ് എഫ്.സി സുഡുവയില്‍ നിന്ന് പരിചയസമ്പന്നനായ കരോളിസ് സ്‌കിന്‍കിസിനെയാണ് ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
അവിടെയും തീരുന്നില്ല കോച്ചിങ് സ്റ്റാഫിലും വലിയ അഴിച്ചുപണിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നടത്തിയിരിക്കുന്നത്. കിബു വികുന എന്ന മുഖ്യ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് മോഹൻ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ ശേഷമാണ്. രണ്ട് വർഷത്തെ കരാറാണ് കോച്ചുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചിരിക്കുന്നത്. വികുനയുടെ വലംകൈയാണ് സഹപരിശീലകൻ തോമസ് ഷോസ്. വർഷങ്ങളായി വികുനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന് പരിശീലന വേഷത്തിൽ നിർണായക പങ്കാണുണ്ടാവുക. ഇതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരവും പരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദും വികുനയുടെ പരിശീലക സംഘത്തിലെ പ്രധാനിയാണ്.
ഇന്ത്യയുടെ വിഖ്യാത ഗോൾകീപ്പർ യൂസഫ് അൻസാരിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിങ് പരിശീലകൻ. അണ്ടർ 19 ഇന്ത്യൻ ടീമിനെയടക്കം പരിശീലിപ്പിച്ചട്ടുള്ള അനുഭവ സമ്പത്തുമായാണ് അദ്ദേഹമെത്തുന്നത്. ഫിറ്റ്നസ് പരിശീലകന്റെ റോളെന്താണെന്ന് നന്നായി അറിയാവുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ കിബു വികുനയുടെ സംഘത്തിലും അത്തരത്തിലൊരാളുണ്ട് പോളിയൂസ്. ഒപ്പം തന്ത്രങ്ങൾ മെനയുന്ന ടാക്ടിക്കൽ ആൻഡ് അനലിറ്റിക്കൽ പരിശീലകനും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സ്‌പെയിനിൽ നിന്നുള്ള ഡേവിഡ് ഒച്ചോവ.