കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കപ്പടിച്ചിട്ടില്ല കേരള ബ്ലാസ്റ്റേഴ്സ്. പക്ഷെ മറ്റേത് ടീമിനേക്കാളും ആരാധക ശേഷിയാൽ മുന്നിലാണ് ഈ ടീം. ഉയർച്ചയും താഴ്ചയും കണ്ട കഴിഞ്ഞ നാല് സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ കൂടെ നിന്നവരാണ് മഞ്ഞപ്പട.

ഏത് ലോകോത്തര ടീമും ആഗ്രഹിച്ച് പോകുന്ന പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പട നൽകുന്നത്. എന്നാൽ മഞ്ഞപ്പട മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുളള ഫുട്ബോൾ പ്രേമികളാകെ ബ്ലാസ്റ്റേഴ്സിനെ സ്വന്തം ടീമായാണ് സ്നേഹിക്കുന്നത്. അവരെല്ലാവരും മഞ്ഞപ്പടയുമാണ്.

ആദ്യ സീസണുകളിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് അരലക്ഷത്തിലേറെ പേരാണ്. അന്ന് കാണികളുടെ എണ്ണക്കണക്കിൽ യൂറോപ്യൻ ക്ലബുകളെ വരെ മറികടന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വീണ്ടും ലോക ഫുട്ബോൾ ഭൂപടത്തിൽ തന്നെ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ജനപിന്തുണയുളള ഏഷ്യൻ ക്ലബുകളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ത്യയിൽ മറ്റൊരു ക്ലബിനും അവകാശപ്പെടാനാവാത്ത നേട്ടം.  ഫോക്സ് ഏഷ്യയാണ്  പട്ടിക പുറത്തുവിട്ടത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം എന്നിവയിലെ ജനപിന്തുണയാണ് കണക്കാക്കിയിരിക്കുന്നത്. 36 ലക്ഷം പേരാണ് ഈ മൂന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ബ്ലാസ്റ്റേഴ്സിനെ ലൈക്ക് ചെയ്യുകയും പിന്തുടരുകയും ചെയ്യുന്നത്.

ഐഎസ്എൽ അഞ്ചാം വർഷത്തിലെത്തിയപ്പോഴാണ് ക്ലബിനെ തേടി വലിയ നേട്ടം എത്തിയിരിക്കുന്നത്. ഒരു കിരീടം പോലും സ്വന്തമാക്കാത്ത ടീമിന് ലഭിക്കുന്ന പിന്തുണ ഫുട്ബോളിനോടുളള മലയാളികളുടെ അഗാധമായ സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത്.

പെർസിബ് ബാന്ദുങ് എന്ന ഇന്തോനീഷ്യൻ ക്ലബാണ് പട്ടികയിൽ ഒന്നാമത്. ഇവരെ ഒന്നരക്കോടിയിൽ അധികം പേർ സോഷ്യൻ മീഡിയയിൽ പിന്തുടരുന്നുണ്ട്. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ സൗദി അറേബ്യൻ ക്ലബുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്തോനീഷ്യൻ ക്ലബായ പെർസ്ല ജക്കാർത്തയാണ് നാലാം സ്ഥാനത്ത്. ഇവയിൽ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ് എന്നതാണ് പ്രത്യേകത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook