കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന പതിപ്പിലും സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് മലയാളി താരത്തിന്റെ കരാർ നീട്ടിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമത്തിന്റെയും ഭാഗമായിട്ടാണ് കരാർ നീട്ടുന്നത്. കഴിഞ്ഞ സീസണിൽ അവസരം ലഭിച്ചപ്പോഴെല്ലാം തിളങ്ങാൻ ഹക്കുവിനായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ഹക്കുവിന്റെ കരാർ നീട്ടാൻ ക്ലബ്ബ് തീരുമാനിച്ചത്.
മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയായ 25കാരനായ അബ്ദുൽ ഹക്കു നെഡിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ ജീവിതം തുടങ്ങുന്നത്. തുടർന്ന് ഡി.എസ്.കെ ശിവാജിയൻസ് യൂത്ത് ടീമിലും, സീനിയർ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനിൽ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ നിരയിൽ വേഗതയോടെ നീക്കങ്ങൾ നടത്തുകയും ഉയർന്നുവരുന്ന പന്തുകൾ തടയുന്നതിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
Also Read: കാത്തിരിപ്പിന് വിരാമം; പ്രതിരോധനിരയിൽ നിഷുവിനെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
2017ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലിൽ എത്തിയ ഹക്കു തുടർന്ന് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ ഹക്കുവിന് വലിയ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചത്. ടീമിനായി തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. ഹക്കുമായുള്ള കരാർ ദീർഘിപ്പിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ സ്റ്റോപ്പർ ബാക്കിന്റെ ഫലപ്രദമായ ടാക്ക്ലിംഗ് കഴിവുകളിൽ എത്രത്തോളം വിശ്വാസമർപ്പിക്കുന്നു എന്നതിന് തെളിവാണ്.
Also Read: മധ്യനിരയിൽ കളി മെനയാൻ റിത്വിക് ദാസ്; പുതിയ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
“ഞാൻ കേരളത്തിൽ നിന്നുള്ള ഒരു പ്രാദേശിക കളിക്കാരനായതിനാൽ, ബ്ലാസ്റ്റേഴ്സ് എന്റെ കുടുംബമാണ്, എല്ലായ്പ്പോഴും എന്റെ സ്വന്തം! ക്ലബ് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഒപ്പം മുന്നോട്ട് പോകുവാൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികൾ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ വീട്, ഞാൻ ഇവിടെതന്നെയുണ്ടാകും!” കരാർ വിപുലീകരണത്തെക്കുറിച്ച് അബ്ദുൽ ഹക്കു പറഞ്ഞു.
“ക്ലബിന്റെ പ്രതിരോധ നിരയിൽ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാൻ അബ്ദുൾ ഹക്കുവിന് കഴിവുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അർപ്പണബോധം എന്നിവയോടൊപ്പം ഞങ്ങളുടെ പുതിയ ഹെഡ് കോച്ചിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ഫുട്ബോളറായതിനാൽ ഞങ്ങളുടെ ആരാധകരുടെ നിരന്തരമായ സ്നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും അത് അദ്ദേഹത്തെ പ്രചോദിപ്പിക്കാൻ സഹായിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” കരാർ വിപുലീകാരണത്തെപ്പറ്റി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി.”
Also Read: ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഗോവൻ ഗോൾ കീപ്പർ; ആൽബിനോ ഗോമസ് കേരളത്തിലേക്ക്
നേരത്തെ മറ്റൊരു പ്രതിരോധ താരം ജെസൽ കർണെയ്റോയെയും കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ സൂപ്പർ താരം സന്ദേശ് ജിങ്കന്റെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ കരുത്ത് തെളിയിച്ച ഗോവൻ താരമാണ് ജെസൽ. ഇതോടൊപ്പം പുതിയ സീസണിൽ ബെംഗളൂരു എഫ്സിയിൽ നിന്ന് നിഷു കുമാറിനെക്കൂടി ബ്ലാസ്റ്റേഴ്സിലെത്തിച്ചതോടെ പ്രതിരോധം കനക്കുമെന്ന് ഉറപ്പിക്കാം.