scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

കപ്പടിക്കാനും കലിപ്പടക്കാനും ബ്ലാസ്‌റ്റേഴ്‌സിന് ഇനി പെൺപ്പടയും

ഓഗസ്റ്റിൽ നടക്കുന്ന കേരള ഫുട്‌ബോൾ അസോസിയേഷന്റെ (കെഎഫ്എ) കേരള വുമണ്‍സ് ലീഗിലാണ് ടീം ആദ്യമായി കളിക്കുക

KBFC Womens team

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. ക്ലബ്ബിന്റെ സീനിയര്‍ വനിതാ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ലബ് പ്രഖ്യാപനം നടത്തിയത്. ‘പുതിയ തുടക്കം’ എന്ന ടാഗ് ലൈനോടെയാണ് ക്ലബ്ബിന്റെ പ്രഖ്യാപനം.

ഓഗസ്റ്റിൽ നടക്കുന്ന കേരള ഫുട്‌ബോൾ അസോസിയേഷന്റെ (കെഎഫ്എ) കേരള വുമണ്‍സ് ലീഗിലാണ് ടീം ആദ്യമായി കളിക്കുക. അതിൽ ജയിച്ചു ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടാനാണ് ടീമിന്റെ ശ്രമം. അടുത്ത 2-3 വര്‍ഷത്തിനകം, എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.

“ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനിതാ ഫുട്ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെ ക്ലബ്ബ് നടത്തും.” ക്ലബ് അവരുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ ഡയറക്ടറായ റിസ്വാൻ ആണ് വനിതാ ടീമിന്റെയും ഡയറക്ടർ. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആണ് പരിശീലകൻ.

ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം, കുറച്ച് കാലമായുള്ള പദ്ധതിയായിരുന്നു ഇതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായ റിസ്വാൻ പറഞ്ഞു. “നിലവില്‍ ഇന്ത്യൻ ദേശീയ ടീമിൽ കേരളത്തിന് പ്രാതിനിധ്യമില്ല, ഈ സാഹചര്യം തീര്‍ച്ചയായും മാറണം. അതിനായി പ്രവര്‍ത്തിക്കാനും, നമ്മുടെ താരങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും ഉള്ള വീക്ഷണം ഞങ്ങള്‍ക്കുണ്ട്. അതിലേക്കുള്ള കെബിഎഫ്‌സിയുടെ പങ്ക് വളരെ വലുതും ഒരു ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ സ്വാധീനം ഏറെ നിര്‍ണായകവുമായിരിക്കും” റിസ്വാന്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യങ് ബ്ലാസ്റ്റേഴ്‌സ്-സ്‌പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം പെൺ പ്രാതിനിധ്യമുണ്ട്. അവരെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളിൽ കെബിഎഫ്സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകയെന്നതും ക്ലബ് പ്ലാൻ ചെയ്യുന്നുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിൽ നിന്ന് യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലും അവസരം നൽകും. കേരള വുമണ്‍സ് ലീഗിനു മുന്നോടിയായി വനിതാ ടീം കലൂര്‍ ജവഹര്‍ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമെന്ന് ക്ലബ് അറിയിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala blasters fc announces senior womens team