കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകനായിരുന്ന ബെർത്തലോമിയോ ഓഗ്ബച്ചെ ക്ലബ്ബ് വിടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച ഓഗ്ബച്ചെ അടുത്ത സീസണിൽ ക്ലബ്ബിനൊപ്പമുണ്ടാവുകയില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്ലബ്ബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഓഗ്ബച്ചെയും ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് വേണ്ടിയുൾപ്പടെ കളിച്ചിട്ടുള്ള താരം ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വച്ച പുതിയ ഓഫർ സ്വീകാര്യമാകാതെ വന്നതോടെയാണ് കരാർ അവസാനിപ്പിക്കാൻ ഓഗ്ബച്ചെയും ബ്ലാസ്റ്റേഴ്സും തീരുമാനിച്ചത്. ഒഗ്ബെച്ചെ ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൃതജ്ഞതയും അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
“ഈ വഴിപിരിയൽ അവിശ്വസനീയമാണ്, ഞാൻ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാൻ എപ്പോഴും ഓർക്കും. എന്റെ ടീമംഗങ്ങൾക്കും പരിശീലകർക്കും മാനേജ്മെന്റിനും എല്ലാ സ്റ്റാഫുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിൽ എല്ലായ്പ്പോഴും നിങ്ങൾ നൽകിയ സ്നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാൻ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല. ഭാവിയിൽ ക്ലബ്ബിന് ധാരാളം വിജയങ്ങൾ നേരുന്നു”, ക്ലബുമായി വഴിപിരിഞ്ഞുകൊണ്ട് ഓഗ്ബച്ചേ പറഞ്ഞു.
Read Also: IPL 2020: ഇന്ത്യൻ താരമുൾപ്പടെ ഒന്നിലധികം ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഓഗ്ബച്ചെ. 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരവും ഓഗ്ബച്ചെ തന്നെ. ബ്ലാസ്റ്റേഴ്സിന് ടൂർണമെന്റിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഓഗ്ബച്ചെയുടെ പ്രകടനം നിർണായകവും ആരാധകരെ ത്രസിപ്പിക്കുന്നതുമായിരുന്നു.
“അദ്ദേഹത്തെ പരിചയപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളിൽ, ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും പിന്തുണയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തിൽ ഞങ്ങൾ ഒരു പുതിയ ഓഫർ അദ്ദേഹത്തിന് നൽകി, പക്ഷേ അവസാനം ഞങ്ങൾ രണ്ടുപേരും വലിയ പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് ഞാൻ നന്മ നേരുന്നു”, ഒഗ്ബെച്ചെയുടെ വഴിപിരിയലിനെകുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.