കൊച്ചി: കളിച്ച ആറ് മത്സരങ്ങളിൽ നാലിലും ജയിച്ച ഗോവ, നാലും സമനിലയാക്കിയ ബ്ലാസ്റ്റേഴ്സ്. ഗോവ എതിർ ഗോൾവല ചലിപ്പിച്ചത് 18 തവണ, ബ്ലാസ്റ്റേഴ്സാകട്ടെ എട്ട് തവണ മാത്രം. ഏഴ് ഗോളിന്റെ വ്യത്യാസത്തിൽ 13 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ, ഏഴ് പോയിന്റുകൾ മാത്രമുള്ള ബ്ലാസ്റ്റേഴ്സാകട്ടെ ഏഴാം സ്ഥാനത്തും. ഈ കണക്കുകൾ ഒന്നും ബ്ലാസ്റ്റേഴ്സ് വകവയ്ക്കുന്നില്ല. ജയം മാത്രം ലക്ഷ്യം വച്ചാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ ഇറങ്ങുന്നത്.
സ്വന്തം കണികൾക്ക് മുന്നിൽ ഇനിയും ഒരു ജയം നൽകാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയാകുമെന്നും ഉറപ്പ്. അതുകൊണ്ട് തന്നെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ടീമിലെ പന്ത്രണ്ടാമന് വേണ്ടിയാകും ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ട് കെട്ടുക. ഒപ്പം വിലപ്പെട്ട മൂന്ന് പോയിന്റിനും.
Read Also: ആദ്യ ജയം തേടി ഗോകുലം; പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഷില്ലോങ്
എഡു ബേദിയയുടെയും, ബ്രാഡൻ ഫെർണാണ്ടസിന്റെയും കോറോയുടെയും മികവിൽ ഇറങ്ങുന്ന ഗോവയ്ക്ക് വെല്ലുവിളി കേരളത്തിന്റെ പ്രതിരോധ നിര തന്നെയാണ്. ലീഗിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടേത്. ഗോളവസരം ഒരുക്കുന്നതിൽ മധ്യനിരയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ഫിനിഷിങ്ങാണ് ബ്ലാസ്റ്റേഴ്സിന്റെ പോരായ്മ.
ദേശീയ ടീമിന്റെ പ്രതിരോധ നിരയിലെ കോട്ടയാണ് ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും. അനസ് ടീമിൽ എത്തിയപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുന്നതും ഈ സഖ്യത്തിനായിട്ടാണ്. പക്ഷേ, ജിങ്കാനൊപ്പം ബ്ലാസ്റ്റേഴ്സിനായി ഇതുവരെ കളത്തിലിറങ്ങാൻ അനസിന് കോച്ച് അവസരം നൽകിയില്ല. എന്നാൽ, അനസിന്റെ അരങ്ങേറ്റം ഇന്നുണ്ടാകുമെന്നാണ് സൂചന.
‘‘ഇതൊരു പ്രഫഷനൽ ക്ലബ്ബല്ലേ. 25 കളിക്കാരുണ്ട്. അതിൽ തന്നെ 8 പേർ പ്രതിരോധനിര താരങ്ങളും. മാത്രമല്ല, ടീം ഗോളുകൾ വഴങ്ങിയതിന് കാരണം പ്രതിരോധ നിരയുടെ പിഴവുകൊണ്ടല്ല താനും. അതുകൊണ്ടു തന്നെ പ്രതിരോധത്തിൽ അഴിച്ചുപണി ആവശ്യമുണ്ടെന്ന് കോച്ചിനു തോന്നിയിട്ടുണ്ടാകില്ല. ഞാൻ ടീമിനൊപ്പമാണ്, കോച്ചിനും” ഇന്നലെ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ അനസ് പറഞ്ഞ വാക്കുകളാണിത്.
Read Also: ‘അവന് അങ്ങനെ പറയില്ല’; സികെ വിനീതിന് പിന്തുണയുമായി അനസ് എടത്തൊടിക
ഇന്ന് ജയിച്ചാലും പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മാത്രം മെച്ചപ്പെടുത്താനേ ബ്ലാസ്റ്റേഴ്സിനാകൂ. അതുകൊണ്ട് തന്നെ ഇനിയുള്ള ഒരോ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് വിലപ്പെട്ടതാണ്. കണക്കുകൾ കളിയിൽ പിടിമുറുക്കുന്നതിന് മുമ്പ് പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യവും ബ്ലാസ്റ്റേഴ്സിനുണ്ട്.