എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുളള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ പെരുമ കടൽ കടത്തിയത്. ഗാലറികളിൽ താരങ്ങൾക്കായി ആർത്തുവിളിക്കുന്ന മഞ്ഞപ്പട ടീമിന്റെ പന്ത്രണ്ടാം താരമായാണ് അറിയപ്പെടുന്നത്. ഗാലറികളിൽ തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ ആർപ്പുവിളിക്കുന്ന, കയ്യടികൾക്ക് താളമിടുന്ന, ദേഹമാസകലം മഞ്ഞനിറം പൂശുന്ന ഒരുപാട് ആരാധകരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ടീമിനോടുള്ള ആരാധനയുടെ പുതിയൊരു ഭാവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി ക്ഷേത്രത്തിൽ വഴിപാട് നടത്തിയ ആരാധകനെ തേടുകയാണ് നവമാധ്യമങ്ങൾ ഇപ്പോൾ. ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ഒരു അജ്ഞാത ആരാധകൻ വഴിപാട് നേർന്നത്.

ഡേവിഡ് ജയിംസ്, റിനോ ആന്റോ, കെസിറോൺ കിസീറ്റോ, സി.കെ.വിനീത്, സുഭാഷിഷ് റോയ് എന്നിവരുടെ പേരിലാണ് വഴിപാട് നേർന്നിരിക്കുന്നത്. എല്ലാവർക്കും 10 രൂപയുടെ എണ്ണ നേർന്നപ്പോൾ കേരളത്തിന്റെ യുവതാരം കിസീറോണിനായി ഇയാൾ 20 രൂപയുടെ വഴിപാടാണ് നേർന്നിരിക്കുന്നത്.

എന്തായാലും മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ശക്തരായ മുംബൈയെ തകർത്തത്. ഇയാൻ ഹ്യൂമാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.

ജയത്തോടെ 10 മൽസരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാംസ്ഥാനത്തേക്ക് എത്തി. ബുധനാഴ്ച ജംഷെഡ്പൂർ എഫ്സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ